കെജ്രിവാളിന് പൂട്ടിട്ട് പുതിയ നിയമം, ദില്ലി സര്‍ക്കാരിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും ഒരേ അധികാരം

ദില്ലി: ദില്ലിയില്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ പരിഷ്‌കാരവുമായി കേന്ദ്രസര്‍ക്കാര്‍. ദില്ലി സര്‍ക്കാരിന് മേല്‍ കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പുറത്തിറക്കിയത്. പുതിയ നിയമഭേദഗതി അനുസരിച്ച് ദില്ലി സര്‍ക്കാരിനും ലഫ്റ്റനന്റ് ജനറല്‍ക്കും തുല്യ അധികാരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ദി ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി ആക്ട് 2021 എന്ന നിയമഭേദഗതിയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങളുള്ളത്. ഇന്നലെ മുതല്‍ തന്നെ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്.

ഇതോടെ എക്‌സിക്യൂട്ടീവ് നടപടികള്‍ എടുക്കുന്നതിന് മുമ്പ് ദില്ലി സര്‍ക്കാരിന് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം തേടേണ്ടതായി വരും. കഴിഞ്ഞ മാസം പാര്‍ലമെന്റിലെ ഇരുസഭകളിലും ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് ഈ നിയമം പാസായത്. ബില്‍ പാര്‍ലമെന്റ് അനുമതി നല്‍കിയപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുഖകരമായ ദിനം എന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിശേഷിപ്പിച്ചത്. മാര്‍ച്ചിലെ പാര്‍ലമെന്റ് സെഷനില്‍ ബില്‍ കൊണ്ടുവരുമ്പോള്‍ സര്‍ക്കാര്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെയും ലെഫ്റ്റനന്റ് ഗവര്‍ണറുടെയും ഉത്തരവാദിത്തങ്ങള്‍ തുല്യമായിട്ടുണ്ട്.

ദില്ലിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് പുതിയ നിയമഭേദഗതിയെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്തവരില്‍ നിന്ന് അധികാരങ്ങള്‍ ഫലപ്രദമായി എടുത്തുകളയുകയും പരാജയപ്പെട്ടവര്‍ക്ക് ദില്ലിയെ നിയന്ത്രിക്കുന്നതിന് അധികാരം നല്‍കുകയും ചെയ്യുന്നുണ്ട്. 2020 ദില്ലി തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 70 സീറ്റുകളില്‍ 62 സീറ്റുകളും നേടിക്കൊണ്ടാണ് വിജയിച്ചത്. ബിജെപിക്ക് എട്ട് സീറ്റുകള്‍ മാത്രമാണ്് ലഭിച്ചിട്ടുള്ളത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മുഖേന പ്രോക്‌സി വഴി ദില്ലി ഭരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പദ്ധതികള്‍ തടയുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ദില്ലി മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കേണ്ടിവരുമ്പോള്‍, പോലീസ്, പൊതുഭരണം, ഭൂമി എന്നിവ ഒഴികെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ സമ്മതം ആവശ്യമില്ലെന്ന് സുപ്രീം കോടതിയുടെ അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് 2018 ല്‍ അഭിപ്രായപ്പെട്ടിരുന്നു. ‘ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണറുടെ പദവി ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറുടേതിന് തുല്യമല്ല. മറിച്ച് അദ്ദേഹം ഒരു ഭരണാധികാരിയായി തുടരുന്നുണ്ടെനനും പരിമിതമായ അര്‍ത്ഥത്തില്‍, ലെഫ്റ്റനന്റ് ഗവര്‍ണറുടെ പദവിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നുമാണ്’ ജഡ്ജിമാര്‍ ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിസഭയ്ക്ക് സഹായവും ഉപദേശവും നല്‍കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും ‘സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാരം ലെഫ്റ്റനന്റ് ഗവര്‍ണറെ ഏല്‍പ്പിച്ചിട്ടില്ലെന്നും ജഡ്ജിമാര്‍ വിധിച്ചിരുന്നു.