മലയാളത്തിൻ്റെ കാന്താരയെന്ന് പറഞ്ഞപ്പോൾ എന്നെ കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് സമർപ്പിക്കുന്നു ഈ വിജയം- അഞ്ജു പാർവതി പ്രബീഷ്

താൻ നായകനായ മാളികപ്പുറം ആ​ഗോള കളക്ഷനിൽ 100 കോടി എന്ന നേട്ടം സ്വന്തമാക്കി എന്ന സന്തോഷ വാർത്ത നടൻ ഉണ്ണി മുകുന്ദൻ ആരാധകരുമായി പങ്കിട്ടിരുന്നു. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം കൂടിയായി ഇതോടെ മാളികപ്പുറം സോഷ്യൽ മീഡിയയിലൂടെ ഉണ്ണി മുകുന്ദനാണ് ഇക്കാര്യം അറിയിച്ചത്. റിലീസ് ചെയ്ത് നാല്പതാം ദിവസമാണ് മാളികപ്പുറത്തിന് ഈ നേട്ടമുണ്ടായത്. ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയതോടെ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് അഞ്ജു പാർവതി പ്രബീഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

എല്ലാ വിധ ഡീഗ്രേഡിങ്ങിനെയും മറി കടന്ന്, എല്ലാത്തരം അപഹാസങ്ങളെയും അതിജീവിച്ച്, നട്ടാൽ കുരുക്കാത്ത നുണയിടങ്ങളെ കടന്ന്, വിവാദങ്ങളെയും അജണ്ടകളെയും വെല്ലുവിളിച്ച് ” ഉണ്ണി “യുടെ മാളികപ്പുറം നൂറ് കോടി ക്ലബ്ബിലെത്തി കേട്ടോ! മൂന്ന് കോടി ബജറ്റിലെടുത്ത ഒരു കൊച്ചു ചിത്രത്തിൻ്റെ ജൈത്രയാത്ര സംഭവബഹുലം. മലയാളത്തിൻ്റെ കാന്താരയെന്ന് പറഞ്ഞപ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് സമർപ്പിക്കുന്നു ഈ വിജയചരിത്രം .

അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. നിറഞ്ഞ സദസിലാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകരിൽ നിന്നും വൻ സ്വീകരണമാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്. ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവർക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരും ചിത്രത്തിലുണ്ട്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്.