ഓരോ റാങ്ക് ലിസ്റ്റിലും ഒരുപാട് ജീവിതങ്ങൾ കിടപ്പുണ്ടെന്ന് ഈച്ചയോടും പൂച്ചയോടും വരെ കരുതൽ കാണിക്കുന്ന മുഖ്യമന്ത്രി എന്ന് മനസ്സിലാക്കും

എക്സൈസ് റാങ്ക് ലിസിറ്റിൽ എഴുപത്തിയാറാം റാങ്കുകാരനായിട്ടും ജോലി ലഭിക്കാത്തതിനാൽ അനുവെന്ന യുവാവ് ആത്മഹത്യ ചെയ്തത് ഇന്ന് പുലർച്ചെയാണ്.അനുവിന്റെ ആത്മഹത്യക്ക് ഉത്തരവാധി സർക്കാരാണെന്ന് ഭൂരിഭാ​ഗം ആളുകളും ഉന്നയിക്കുന്നു.വിഷയത്തിൽ സർക്കാരിനെതിരെ പ്രതികരണവുമായെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.ഓരോ റാങ്ക് ലിസ്റ്റിലും ഒരുപാട് ജീവിതങ്ങൾ കുരുങ്ങി കിടപ്പുണ്ടെന്ന് ഈച്ചയോടും പൂച്ചയോടും വരെ വാർത്താസമ്മേളനത്തിൽ കരുതൽ കാണിക്കുന്ന മുഖ്യമന്ത്രി എന്ന് മനസ്സിലാക്കുമെന്ന് അഞ്ജു ചോദിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

എല്ലാം ശരിയാകുമെന്ന് തന്നെയായിരിക്കും ഇന്നലെവരേയ്ക്കും ഈ പാവം യുവാവും ധരിച്ചിട്ടുണ്ടാകുക. ഊണും ഉറക്കവുമുപേക്ഷിച്ച് പഠിച്ച് തന്നെയാണ് എക്സൈസ് റാങ്ക് ലിസ്റ്റിൽ 76ാം റാങ്കുകാരനായത്. പഠിച്ചു നേരായ മാർഗ്ഗത്തിലൂടെ ജോലിനേടി ജീവിതത്തിനു നിറം പകരാമെന്ന സ്വപ്നവുമായി നടന്നതിനാലാവാം ഈ പാവം ഒരു പക്ഷെ ചെങ്കൊടിയുടെ തണലിൽ ജോലിക്കു കയറേണ്ടതില്ലെന്ന തെറ്റായ തീരുമാനമെടുത്തത്. പഠിച്ചു, റാങ്ക് ലിസ്റ്റിൽ കയറി ജന്മ സാഫല്യമായ ജോലി കിട്ടാൻ വേഴാമ്പൽ പോലെ കാത്തിരുന്നു മടുത്തു കാണും. മുട്ടാവുന്ന വാതിലുകളിലൊക്കെ മുട്ടിയിട്ടുണ്ടാകും. എന്നിട്ടും കിട്ടില്ലെന്നു വരുമ്പോൾ , അതിന്റെ നിരാശയിൽ പ്രതിഷേധിച്ചത് സ്വന്തം ജീവിതത്തോട്!

ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെയുള്ളവർ തൊഴിലില്ലാതെ അലയുന്ന ഈ സമത്വസുന്ദരസോഷ്യലിസ്റ്റ് കേരളത്തിലാണ് കത്തി കുത്ത് നടത്തുന്ന ക്രിമിനൽസും സ്വപ്നസുന്ദരിയും ഇഞ്ചിയും മുളകും ഒക്കെ മുടിഞ്ഞ ശബളത്തിൽ പിൻവാതിലിലൂടെ കയറിപ്പറ്റുന്നത് . ആഗോളവൽക്കരണം, മുതലാളിത്തം, സാമ്രാജ്യത്വം, തൊഴിലില്ലായ്‌മ ഉണ്ടാക്കുന്ന കേന്ദ്ര നയം, പുറം വാതിൽ നിയമനം, കരാർ നിയമനം എന്നൊക്കെ ഗീർവാണം അടിച്ചു വിടുന്ന, തൊഴിൽ അല്ലെങ്കിൽ ജയിൽ എന്നൊക്കെ കഴിഞ്ഞ ഭരണത്തിൽ പറഞ്ഞുനടന്നിരുന്ന ഡിഫിക്കാർ 2016 മുതൽ അന്താരാഷ്ട്ര വിഷയങ്ങളിലും കേന്ദ്രവിഷയങ്ങളിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്നതിനാൽ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവിന്റെ ആത്മഹത്യ കാണില്ല! തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന തുരുമ്പെടുത്ത മുദ്രാവാക്യം അല്ലെങ്കിലും പിൻവാതിൽ നിയമനങ്ങൾക്കുമുന്നിൽ കണ്ണടച്ചു നില്ക്കാൻ എന്നേ ശീലിച്ചുക്കഴിഞ്ഞു!

ഓരോ റാങ്ക് ലിസ്റ്റിലും ഒരുപാട് ജീവിതങ്ങൾ കുരുങ്ങി കിടപ്പുണ്ടെന്ന് ഈച്ചയോടും പൂച്ചയോടും വരെ വാർത്താസമ്മേളനത്തിൽ കരുതൽ കാണിക്കുന്ന മുഖ്യമന്ത്രി എന്ന് മനസ്സിലാക്കും?
അനുവിന് കണ്ണുനീർ പ്രണാമം