അശ്‌ളീല ചുവയോടെ സംസാരിച്ച 14 കാരനെതിരെ നിയമനടപടിക്കില്ല- അപർണ്ണ

പൊതു ഇടത്തിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന പലതരം അനുഭവങ്ങളുടെ തുടർക്കഥയായി ഒരു സംഭവം കൂടി കഴിഞ്ഞ ദിവസം അപർണ എന്ന യുവതിക്കു നേരിട്ടിരുന്നു.. സ്‌കൂൾ കുട്ടിയിൽ നിന്നും നേരിടേണ്ടി വന്ന വിചിത്രമായ അനുഭവം അപർണ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തു. തന്റെ സ്‌കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരൻ പൊടുന്നനെ ചോദിച്ച ചോദ്യമാണ് അപർണയെ ഞെട്ടിച്ചതെന്നാണ് അവർ വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ അത് ചിന്തിക്കാനും സധൈര്യം ചോദിക്കാനും ഒരു 14 വയസ്സുകാരന് എങ്ങനെ കഴിഞ്ഞെന്നാണ് അപർണ ചോദിച്ചത്

ഇപ്പോളിതാ വിഷയത്തിൽ നിയമനടപടിക്കില്ലെന്ന് തുറന്നുപറയുകയാണ് അപർണ്ണ. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അപമാനിയ്ക്കപ്പെടുന്ന പെണ്‍കുട്ടികളെയോര്‍ത്താണ് ദുരനുഭം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. 23 വയസുള്ള തന്നോട് ഇത്തരത്തില്‍ ഇടപെടാന്‍ ധൈര്യമുള്ള 14 കാരനും ഇതേ പ്രായത്തില്‍ ഇതേ മനഃസ്ഥിതിയുള്ള മറ്റുകുട്ടികളും സഹപാഠികളോടക്കം ഏതു തരത്തിലാവും ഇടപെടുക. ചിലപ്പോള്‍ ഇത്തരം അപമാനങ്ങള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കാമെന്നും അപര്‍ണ്ണ പറയുന്നു.

വിദ്യര്‍ത്ഥിയില്‍ നിന്നുണ്ടായ ദുരനുഭം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനേത്തുടര്‍ന്ന് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധിപേര്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. വിദ്യര്‍ത്ഥിക്ക് തിരുത്താന്‍ ഇനിയും അവസരമുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികള്‍ക്കടക്കം മുന്നോട്ടില്ലെന്നും അപര്‍ണ്ണ പറയുന്നു. കുട്ടിയുടെ സ്‌കൂളും ക്ലാസും പേരും ഇറക്കിവിട്ട സ്ഥലവുമെല്ലാം ക്യത്യമായറിയാം. വീട്ടിലെത്തി മാതാപിതാക്കളെയും ചേര്‍ത്ത് തെറ്റ് ബോധ്യപ്പെടുത്തി കൊടുക്കണമെന്നാണ് കരുതുന്നത്.