ചിരു പുനര്‍ജനിച്ചത് പോലെ തോന്നുന്നു,ചെറുമകനെ കണ്ട് അർജുൻ സർജ

അന്തരിച്ച നടൻ ചിരഞ്ജീവി സർജക്കും മേഘ്നരാജിനും ഒരു ആൺകുഞ്ഞ് പിറന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്.തെന്നിന്ത്യൻ താരകുടുംബം മുഴുവൻ ആശംസകളുമായെത്തി. ചിരഞ്‍ജീവിയുടെ മരണം ഉള്‍ക്കൊള്ളാൻ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം ആശ്വാസം പകരുന്നതാണ്. കുഞ്ഞതിഥിയെ കണ്ട സന്തോഷം പങ്കുവെയ്ക്കുകയാണ് ചിരഞ്‍ജീവിയുടെ അമ്മാവനും നടനുമായ അർജുൻ സർജ.

ഇതിനിടെ മേഘ്ന രാജിനെയും കു‍ഞ്ഞിനെയും അർജുൻ നേരിട്ടെത്തി കണ്ടു. അര്‍ജുന്റെ സഹോദരിയുടെ മക്കളാണ് ചിരഞ്ജീവി സർജയും ധ്രുവ് സർജയും. കുഞ്ഞിനെ മേഘനയെയും കണ്ട സന്തോഷത്തിൽ അർജുൻ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയത് 20 വര്‍ഷത്തിന് ശേഷമാണ് . ചിരു പുനര്‍ജനിച്ചത് പോലെ തോന്നുന്നു എന്നാണ് കുടുംബത്തിലുള്ളവരെല്ലാം പറഞ്ഞത്.

ചിരുവിന്റെ വിയോഗത്തിൽ ഞങ്ങൾ കുടുംബമെല്ലാം ഒരു പോലെ വേദനിച്ചിരുന്നു. ഇന്നിപ്പോള്‍ എല്ലാവരുടേയും മുഖത്തൊരു തിളക്കമുണ്ട്. ചിരു ഇപ്പോള്‍ വീണ്ടും വന്നു. ആ സന്തോഷമാണ് എല്ലാവരുടേയും മുഖത്തെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കുഞ്ഞിന്റെ ജനന സമയത്ത് അര്‍ജുന്‍ തമിഴ്‌നാട്ടിലായിരുന്നു. ചിരുവിനെപ്പോലെ തന്നെയുണ്ട് മകനെന്നായിരുന്നു അര്‍ജുന്റെ മകൾ ഐശ്വര്യ സര്‍ജ പറഞ്ഞത്.

നേരത്തെ വീഡിയോ കോളിലൂടെ കുഞ്ഞിനെ കണ്ട സന്തോഷവും അർജ്ജുൻ സർജ പങ്കുവെച്ചിരുന്നു. വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയും ചെയ്തിരുന്നു. ‘ചീരു ബാക്​ ടു ജോയ്​ൻ’ എന്ന കുറിപ്പോടെയായിയരുന്നു അർജുൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ഏറ്റുവാങ്ങിയത് ധ്രുവ സര്‍ജയായിരുന്നു. ആശുപത്രി റൂമില്‍ ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോ വെച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.