സിദ്ധാർത്ഥിന്റെ വീട്ടിൽ എത്തി സുരേഷ് ​ഗോപി, ഒപ്പം ബിജെപി ജില്ലാ നേതാക്കളും

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജിൽ മരണപ്പെട്ട കെ.എസ് സിദ്ധാർത്ഥിന്റെ വീട്ടിൽ എത്തി സുരേഷ് ​ഗോപി. സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്, അമ്മ ഷീബ ഉൾപ്പടെ കുടുംബാം​ഗങ്ങളെ അദ്ദേഹം സന്ദർശിച്ചു. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.

മകൻ സർവകലാശാലയിലും ഹോസ്റ്റലിലും നേരിട്ട പ്രശ്നങ്ങളും അനിതീയും സുരേഷ് ​ഗോപി പിതാവിനോട് ചോദിച്ചറിഞ്ഞു. കുടുംബത്തെ സമാശ്വസിപ്പിച്ച ശേഷമായിരുന്നു അദ്ദേഹ​ത്തിന്റെ മടക്കം. കുറ്റവാളികൾ ഉറപ്പായും ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്ന് അദ്ദേഹം മാതാപിതാക്കൾക്ക് ഉറപ്പു നൽകി.

ഇക്കഴിഞ്ഞ 18നാണ് എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്തും കണ്ടത് വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. സംഭവത്തിൽ 18 പ്രതികളെയും കഴിഞ്ഞ ദിവസത്തോടെ പോലീസ് പിടികൂടിയിരുന്നു.

റാഗിംഗ് നിരോധന നിയമം, ആത്മഹത്യാ പ്രേരണ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ വിസിക്ക് സസ്‌പെൻഷൻ ലഭിച്ചതിന് പിന്നാലെ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കി ഗവർണർ. കേരള വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി വെറ്ററിനറി സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസറായ ഡോ. പി സി ശശീന്ദ്രനാഥിനെ നിയമിച്ചുകൊണ്ടുള്ള ചാൻസലറുടെ ഉത്തരവ് പുറത്തിറങ്ങി.

നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വി.സിയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് പുതിയ വി.സിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.