അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹം മുളന്തുരുത്തിയിലെ സ്‌കൂളിൽ എത്തിച്ചു

കൊച്ചി. വടക്കഞ്ചേരിയില്‍ ടുറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മരിച്ച അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചില്ല. നിരവധി പേരാണ് മരിച്ച കുട്ടികളെ അവസാനമായി കാണുവാന്‍ എത്തുന്നത്. മുളന്തുരുത്തിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അരക്കുന്നം ചിറ്റേത്ത് സിഎസ് ഇമ്മാനുവല്‍ (17), വലിയകുളം അഞ്ജനം അഞ്ജന അജിത് (17), പൈങ്കരപ്പള്ളി രശ്മി നിലയം ദിയ രാജേഷ് (15), ക്രിസ് വിന്റര്‍ ബോണ്‍ തോമസ്, എല്‍ന ജോസ് (15) എന്നിവരാണ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍. മറ്റൊരാള്‍ സ്‌കൂളിലെ കായിക അധ്യാപകനായ വിഷ്ണുവാണ്.

അതേസമയം സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സയ്ക്കായി 50000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തില്‍ രാഷ്ട്ര പതി ദ്രൗപദി മുര്‍മുവും ദുഖം രേഖപ്പെടുത്തി. സ്‌കൂള്‍ കുട്ടികള്‍ അടക്കം വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി ട്വീറ്ററില്‍ കുറിച്ചു.

വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചാണ് വന്‍ അപകടം ഉണ്ടായത്. അപകടത്തില്‍ ഒന്‍പതു പേര്‍ മരണപ്പെട്ടു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രാത്രി 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ചത്.

41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം ഊട്ടിയിലേക്ക് ടൂര്‍ പോയതായിരുന്നു, കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.