വൈറസ് വ്യാപനത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ് ബ്രിട്ടണെന്ന് ബോറിസ് ജോണ്‍സണ്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയായിരിക്കും വരുന്ന ആഴ്ച്ചകള്‍ ബ്രിട്ടണ്‍ കടന്നു പോകുകയെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. കൊറോണ വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കാന്‍ സമയത്തിനെതിരായ ഓട്ടത്തിലാണ് ബ്രിട്ടണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കൊറോണയെ തുടര്‍ന്നുണ്ടായ മരണ നിരക്ക് ഉയര്‍ന്ന നിലയിലാണ്. ആശുപത്രികളിലെല്ലാം ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ആരോഗ്യ രംഗം നേരിടുന്ന ഭീഷണികളും സമ്മര്‍ദ്ദങ്ങളും തീവ്രപരിചരണ വിഭാഗത്തിന്റെ ആവശ്യകതയും ഓക്‌സിജന്‍ സിലണ്ടറിന്റെ അഭാവവുമെല്ലാം നാം കാണുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വ്യാപനം ബ്രിട്ടണില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ 20 പേരിലൊരാള്‍ക്ക് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്ക് കിഴക്ക് ഇംഗ്ലണ്ടിലുള്ള ബ്രിസ്‌റ്റോളിലെ വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രോഗികളുടെ എണ്ണം ഇനിയും വര്‍ധിച്ചാല്‍ ആശുപത്രിയില്‍ സ്ഥലം ഉണ്ടാകാത്ത അവസ്ഥ വരികയും ആരോഗ്യ സംവിധാനം തകരാറിലാകുകയും ചെയ്യും. മൂന്ന് മില്യണിലധികം പേര്‍ക്കാണ് നിലവില്‍ ബ്രിട്ടണില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 81,431 പേര്‍ക്ക് രാജ്യത്ത് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു.