വായിലെ ശസ്ത്രക്രിയയ്ക്ക് എത്തിയ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി

മധുര. വായിലെ ഓപ്പറേഷന് ആശുപത്രിയില്‍ എത്തിയ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. തമിഴ്‌നാട്ടിലെ വിരുദനഗര്‍ ജില്ലയിലെ രാജാജി ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കെതിരെ കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. വായില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിനാണ് നവംബര്‍ 21നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ച് രണ്ടാമത്തെ ദിവസം തന്നെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

വായില്‍ ശസ്ത്രക്രിയ നടത്തുന്നതിന് പകരം കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ഇക്കാര്യം മനസിലായതെന്ന് കുടുംബം പറഞ്ഞു. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയ വിവരം ചൂണ്ടിക്കാട്ടിയെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മറ്റൊരു കുട്ടിക്ക് നിശ്ചയിച്ച ശസ്ത്രക്രിയ ആളുമാറി ചെയ്യുകയായിരുന്നുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് രാജാജി ഹോസ്പിറ്റലിലെ ഡീനായ ഡോ എ രത്തിനവേല്‍ പറഞ്ഞു. ശ്വാസ നാളിയില്‍ തടസം സൃഷ്ടിക്കുന്ന രീതിയില്‍ വളര്‍ച്ചയുണ്ടാവുന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് കുട്ടിയെ രാജാജി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിന് ശസ്ത്രക്രിയ നടത്തുകയും കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ കുടുംബം വീണ്ടും ആശുപത്രിയില്‍ എത്തുകയായിരുന്നു.

കുട്ടിയുടെ നാവ് വായില്‍ ചേര്‍ന്നിരിക്കുന്നതിനാലാണ് ശസ്ത്രക്രിയ ആവശ്യപ്പെട്ട് വീണ്ടും അഡ്മിറ്റായതെന്ന് രത്തിനവേല്‍ പറഞ്ഞു. ശസ്ത്രക്രിയയില്‍ കുട്ടിയുടെ ബ്ലാഡറിലെ അസ്വാഭാവികത ശ്രദ്ധിക്കുന്നത്. മൂത്രം നീക്കാന്‍ ട്യൂബ് ഇടുന്നതിനിടെയാണ് കുട്ടിയുടെ ലിംഗത്തിന്റെ അഗ്രഭാഗത്തെ ചര്‍മ്മം ഇറുകിയ അവസ്ഥയിലാണെന്ന് മനസിലാക്കിയത്.

തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ട്യൂബ് ഇടുകയായിരുന്നു. മറ്റൊരു അനസ്‌തേഷ്യ നല്‍കുന്നത് ഒഴിവാക്കാനാണ് വായിലെ ശസ്ത്രിക്രിയ നടത്തുന്നതിനൊപ്പം ലിംഗത്തിലെ ചര്‍മ്മവും നീക്കം ചെയ്തതെന്ന് രത്തിനവേല്‍ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് വിധേയമായ കുട്ടി ആരോഗ്യത്തോടെയാണുള്ളതെന്നും കുട്ടിക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.