നടുറോഡിൽ തമ്മിൽത്തല്ലി കോൺ​ഗ്രസ് നേതാക്കൾ, പരസ്യമായി ഏറ്റുമുട്ടിയത് മുൻ ഉപമുഖ്യമന്ത്രിയും എംപിയും

ശ്രീന​ഗർ : കോൺ​ഗ്രസ് നേതാക്കളുടെ തമ്മിൽത്തല്ല് നടുറോഡ് വരെ എത്തി. ജമ്മുകശ്മീരിൽ നേതാക്കൾ തമ്മിലുള്ള കൈയ്യാങ്കളിയുടെ വാർത്തയാണ് പുതിയതായി പുറത്ത് വരുന്നത്. അഖ്‌നൂരിലെ ഖൗർ ടൗണിൽ മുൻ ഉപമുഖ്യമന്ത്രി താരാചന്ദും മുൻ എംപി മദൻലാൽ ശർമയും തമ്മിലാണ് ഏറ്റുമുട്ടിയത്.

ജമ്മു ലോക്സഭ മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി രാമൻ ഭല്ലയ്യയുടെ പ്രചാരണത്തിന് എത്തിയതായിരുന്നു ഇരുവരും. ഇതിനിടെയാണ് തമ്മിൽത്തല്ല് അരങ്ങേറിയത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജമ്മു സീറ്റിനായി അവകാശവാദവുമായി ഇരുകൂട്ടരും രം​ഗത്തുണ്ട്.

ഇതുതന്നെയാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. നേതാക്കൾക്കിടയിലും അണികൾക്കിടയിലും നിലനിൽക്കുന്ന ഉൾപ്പോര് ദേശീയതലം മുതൽ ഇങ്ങോട്ട് വ്യാപിച്ച് കിടക്കുകയാണ് എന്നതിന്റെ തെളിവ് കൂടിയാണ് ഈ സംഭവം.