വിലക്ക് ലംഘിച്ച് നവകേരള സദസ്സില്‍ പങ്കെടുത്ത മുന്‍ എംഎല്‍എ എവി ഗോപിനാഥിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം. കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് നവകേരള സദസില്‍ പങ്കെടുത്ത മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എവി ഗോപിനാഥിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ഗോപിനാഥന്‍ നവകേരള സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെയും ഇടതു സര്‍ക്കാരിനെയും പുകഴ്ത്തിയിരുന്നു. ശനിയാഴ്ച പാലക്കാട് രാമനാഥപുരത്തെ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രഭാത യോഗത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പം ഗോപിനാഥ് എത്തിയത്. പാലക്കാട് ജില്ലയിലെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള അവസരമാണ് ലഭിച്ചതെന്നായിരുന്നു ഗോപിനാഥന്‍ പറഞ്ഞത്.

അതേസമയം സിപിഎം ജില്ലാ സെക്രട്ടറിയുടെ കൂടെ വന്നതില്‍ രാഷ്ട്രീയമില്ലെന്നും. താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഗോപിനാഥ് പറയുന്നു.