രണ്ട് കോടി ജീവന്‍ വൈറസ് കവരും, മരുന്ന് കണ്ടുപിടിക്കുന്നത് വരെ സാമൂഹിക അകലം നിര്‍ബന്ധം ; മുന്നറിയിപ്പ്

ലോകരാജ്യങ്ങളെയെല്ലാം കീഴടക്കി പടര്‍ന്നുപിടിച്ച് ജീവന്‍ കവരുന്ന കൊറോണ വൈറസിനെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് ഭാവിയില്‍ കോടിക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്കാണ് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാലും രണ്ടു കോടി ജീവനുകള്‍ നഷ്ടമാകും. പ്രതിരോധ സംവിധാനം ശക്തമല്ലെങ്കില്‍ അത് നാലുകോടിയാകു മെന്നും മുന്നറിയിപ്പുണ്ട്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ തയാറാക്കിയ മാത്തമാറ്റിക്കല്‍ മോഡലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മരണസംഖ്യ നാല് കോടിയാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. കോവിഡ് പടര്‍ന്നുപിടിക്കുന്നതിന് എത്രത്തോളം മുന്‍പ് സാമൂഹ്യ അകലം നടപ്പില്‍വരുത്താനാകുന്നോ അത്രയും നല്ലതാണ്. പക്ഷേ രാജ്യത്തുണ്ടാകുന്ന സാമൂഹ്യ സാമ്ബത്തിക ആഘാതങ്ങള്‍കൂടി കണക്കിലെടുത്തേ അന്തിമ തീരുമാനമെടുക്കാനാവൂ എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ അറുപത് ശതമാനവും മറ്റുള്ളവര്‍ നാല്‍പത് ശതമാനവും സാമൂഹ്യ ഇടപെടലുകള്‍ കരുതലോടെ മാത്രം നടത്തണമെന്നും ഇവര്‍ ഉപദേശിക്കുന്നു. കോവിഡ് രോഗത്തിന് ഫലപ്രദമായ മരുന്നുകളും വാക്സിനുകളും കണ്ടെത്തുന്നതുവരെ സാമൂഹ്യ അകലം പാലിച്ചാല്‍ മാത്രമേ ലോകത്തിന് മരണസംഖ്യ കുറക്കാനാവൂ എന്നാണ് ഈ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ ചൈനയിലെ 347 നഗരങ്ങളില്‍ 65 ശതമാനം കൂടുതല്‍ കോവിഡ് 19 രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്ന് മറ്റൊരു പഠനം മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ഏപ്രില്‍ എട്ട് വരെയാണ് വുഹാനില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് രോഗത്തിന് ഫലപ്രദമായ മരുന്നുകളും വാക്സിനുകളും കണ്ടെത്തുന്നതുവരെ സാമൂഹ്യ അകലം പാലിച്ചാല്‍ മാത്രമേ ലോകത്തിന് മരണസംഖ്യ കുറക്കാനാവൂ എന്നാണ് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകരുടെ വിലയിരുത്തല്‍.