രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4,970 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,970 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 134 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് രോഗം ബാധിച്ച് മരിച്ചത്.

അതേസമയം രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. ചില ഇളവുകളോടെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. 39,172 പേര്‍ക്ക് ഇതുവരെ രോഗ മുക്തി നേടിയിട്ടുണ്ട്. 38.73 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടാഴ്ചയ്ക്ക് ഇടെയാണ് രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 50,000ല്‍ നിന്നും ഒരു ലക്ഷത്തിലേക്ക് ഉയര്‍ന്നത്. ലോക്ക് ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ കോവിഡിനെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 35,000ത്തിലേറെ ആളുകള്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 2005 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം 1249 ആയി. 11000ത്തിലേറെ രോഗബാധിതരുമായി തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഡല്‍ഹിയില്‍ 10,000പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 168 പേര്‍ മരിക്കുകയും ചെയ്തു