വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ പരിശോധന

കൊച്ചി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട കേസില്‍ വിവാദ വ്യവസായി ഫാരിസ് അബുബക്കറിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. ഒരേ സമയമാണ് ഫാരിസ് അബൂബക്കറിന്റെ വിവിധ സ്ഥലങ്ങളിലെ ഓഫീസിലും വീട്ടിലും പരിശോധന നടത്തുന്നത്. കോഴിക്കോട്, കൊച്ചി, കൊയിലാണ്ടി, ചെന്നൈ എന്നിവിടങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. വിഎസ് ആച്യുതാനന്ദന്‍ പലവട്ടം ഫാരിസ് അബൂബക്കറുമായി പിണറായി വിജയനും മറ്റ് സിപിഎം നേതാക്കള്‍ക്കും അടുത്തബന്ധം ഉണ്ടെന്ന് ആരോപിച്ചിരുന്നു.

വിവിധ സ്ഥലങ്ങളില്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് ആദായനികുതി വകുപ്പ് സംഘം പരിശോധനയ്ക്കായി എത്തിയത്. മുംബൈയിലും ഡല്‍ഹിയിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ആദായ നികുതി വകുപ്പിന്റെ ചെന്നൈയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഫാരിസ് അബൂബക്കറിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍, കള്ളപ്പണ ഇടപാട് എന്നീവയാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്.

വിദേശത്ത് നിന്ന് അടക്കം ഫാരിസ് അബൂബക്കറിന്റെ കമ്പനിയിലേക്ക് നിക്ഷേപം എത്തിയിട്ടുണ്ട്. 92 റിയല്‍ എസ്റ്റേറ്റ് കമ്പനികളിലായി വിവിധ സ്ഥലങ്ങളില്‍ ഫാരിസ് അബൂബക്കര്‍ ഭൂമി ഇടപാട് നടത്തിയെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ കമ്പനികളുടെ ഡയറക്ടര്‍മാരായി കാണിച്ചിരിക്കുന്ന പലരും വിദേശത്തുള്ളവരാണെന്നും കമ്പനികളുടെ നിക്ഷേപകരുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നും ആദായനികുതി വകുപ്പ് പറയുന്നു.

ഫാരിസ് അബൂബക്കറിന്റെ കമ്പനികളില്‍ പലതിലും രാഷ്ട്രീയക്കാര്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നു. ഫാരിസ് അബൂബക്കര്‍ ലണ്ടനിലാണെന്നാണ് വിവരം. 100 കോടിയില്‍ കൂടുതല്‍ കള്ളപ്പണമായി ലഭിച്ചിട്ടുണ്ടെന്നാണ് ആദായനികുതിവകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. എത്രയും വേഗത്തില്‍ ഹാജരാകുവാന്‍ ആദായനികുതി വകുപ്പ് ഫാരിസ് അബൂബക്കര്‍ക്ക് നിര്‍ദേശം നല്‍കി.