13കാരിയെ ഫോണിലൂടെ അശ്ലീലം പറഞ്ഞു; പിന്നാലെ ഭീഷണി; പോക്‌സോ കേസിൽ വീണ്ടും ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

കണ്ണൂർ: 13കാരിയെ ഫോണിലൂടെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്‌ഐ കണ്ണവം മേഖല ട്രഷറർ വിഷ്ണുവാണ് അറസ്റ്റിലായത്. പ്രതിയെ കണ്ണൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു. സംഘടനയിൽ സജീവമായിരുന്ന ആളാണ് വിഷ്ണു. പി ജയരാജന്റെ ഒപ്പം ഉൾപ്പെടെ ഇയാൾ നിൽക്കുന്ന ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

പോക്‌സോ കേസിൽ ഡിവൈഎഫ്‌ഐ നേതാക്കൾ അറസ്റ്റിലാകുന്നത് സംസഥാന സർക്കാരിന് വെല്ലുവിളി ആകുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മലയിൻകീഴിൽ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിലായിരുന്നു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് വിളവൂർക്കൽ മലയം ജിനേഷ് ജയൻ ആയിരുന്നു പിടിയിലായത്.

ഇയാളുടെ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ നാണക്കേട് മാറുന്നതിന് മുൻപാണ് മറ്റൊരു നേതാവ് കൂടി പോക്‌സോ കേസിൽ പിടിയിലാകുന്നത്. ജിനീഷിനെതിരെ മുൻപും പരാതികൾ ഉയർന്നിട്ടും പാർട്ടി നടപടി എടുത്തിരുന്നില്ല.