പറക്കമുറ്റും മുമ്പേ പിതാവ് നഷ്ടമായി, ചിറകിനുള്ളില്‍ പൊതിഞ്ഞ് വിധിയെ തോല്‍പ്പിച്ച അമ്മ, രമാദേവി അഭിമാനം

മലയാളികള്‍ എപ്പോഴും അറിയാന്‍ ആഗ്രഹിച്ചതാണ് ആ പഞ്ചരത്‌നങ്ങളുടെ വിശേഷങ്ങള്‍.അച്ഛനെ നഷ്ടപ്പെട്ട അഞ്ച് മക്കളെയും പഠിപ്പിച്ച് ഒരു കരക്ക് എത്തിച്ച അമ്മയെയും മലയാളികള്‍ എന്നും ഓര്‍ക്കും.പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ വിവാഹമാണ് കഴിഞ്ഞ ദിവസം ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടന്നത്.സോഷ്യല്‍ മീഡിയകളിലും ഇവരുടെ വിവാഹ വിശേഷങ്ങള്‍ ചര്‍ച്ചയാണ്.ഇപ്പോള്‍ പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു കുറിപ്പാണ് സോഷ്യല്‍ ലോകത്ത് പ്രചരിക്കുന്നത്.കേരള ഹോട്ടല്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ താടിക്കാരന്‍ ചെങ്ങായി എന്ന അക്കൗണ്ടില്‍ നിന്നുമാണ് കുറിപ്പ് എത്തിയിരിക്കുന്നത്.വിധിയുടെ ക്രൂരതയില്‍ തളര്‍ന്നു വീഴാതെ അഞ്ചു മക്കളേയും ഇതുവരെ എത്തിച്ച രമാദേവി എന്ന അമ്മ അഭിമാനതാരമാണെന്ന് കുറിപ്പില്‍ പറയുന്നു.അമ്മയുടെ ആത്മധൈര്യമാണ് ഞങ്ങള്‍ക്ക് ഈ സൗഭാഗ്യങ്ങള്‍ തന്നതെന്ന മകള്‍ ഉത്തരയുടെ വാക്കുകള്‍ കടമെടുത്തു കൊണ്ടാണ് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,രമാദേവി എന്ന അമ്മയാണ് ഇന്നത്തെ അഭിമാന താരം..ഒറ്റ പ്രസവത്തില്‍ അഞ്ചു മക്കള്‍. ഒരാണും നാലു പെണ്ണും.ഉത്ര,ഉത്തര,ഉത്തമ,ഉത്രജ,ഉത്രജന്‍.പറക്കമുറ്റും മുന്നേ പിതാവ് ആത്മഹത്യ ചെയ്തു.എന്നാല്‍ തളര്‍ന്നു പോകാതെ അഞ്ചു പേരെയും തന്റെ ചിറകിനുള്ളില്‍ പൊതിഞ്ഞ് വിധിയെ പൊരുതി തോല്‍പ്പിച്ച് ഇന്ന് അവരില്‍ മുന്നു പേരെ അഭിമാനത്തോടെ വിവാഹം കഴിപ്പിച്ചയച്ചു..ഒരാളുടെ വിവാഹം വരന്‍ വിദേശത്തായതിനാല്‍ പിന്നീട് നടത്തും.ഈ അഞ്ചു മക്കളെയും വിധിയുടെ ക്രൂരതയില്‍ തളര്‍ന്ന് വീഴാതെ ഇത്രയും വരെ എത്തിച്ച രമാദേവി എന്ന അമ്മയാണ് ഇന്നത്തെ അഭിമാന താരം.

കടന്നുവന്ന വഴികളെക്കുറിച്ച് ഉത്തരയുടെ വാക്കുകള്‍ ഇങ്ങനെ,അമ്മയാണ് ഞങ്ങള്‍ക്കെല്ലാം അമ്മയുടെ ശക്തികൊണ്ടാണ് ഇവിടം വരെ എത്തിയത്. ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്,അതൊന്നും ഒരിക്കലും മറക്കാനാവില്ല.ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ആയിരുന്നപ്പോള്‍ ചില രാത്രികളില്‍ അമ്മയ്ക്ക് വയ്യാതാവും ആയിരുന്നു ആ അവസ്ഥയിലും അമ്മയുടെ ആത്മധൈര്യം ആണ് മുന്നോട്ടു നയിച്ചത്.ഞങ്ങളെ വളര്‍ത്താന്‍ അമ്മ കഷ്ടപ്പാടുകള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.ഞങ്ങള്‍ എല്ലാവര്‍ക്കും ഏകദേശം ഒരേ സമയത്താണ് ആലോചന വരുന്നത്,ഒരേ ദിവസം തന്നെ വിവാഹിതരാകാന്‍ ആണ് ആഗ്രഹം എന്ന് ആദ്യമേ പറഞ്ഞിരുന്നു.അത് എല്ലാവര്‍ക്കും സമ്മതമായി.ഞങ്ങളുടെ ഭാവി വരന്മാരുടെ വീട്ടുകാരും ഈ സ്‌നേഹം ഇതുപോലെ തന്നെ നിലനിര്‍ത്തണം എന്ന് തന്നെയാണ് പറയുന്നത്.അച്ഛനില്ലാത്തതിന്റെ കുറവ് നികത്തുന്നത് ഉത്രജന്‍ ആണ്,അവനാണ് ഞങ്ങളുടെ ബലം.അവനു വിദേശത്ത് ജോലി ശരിയായിട്ടുണ്ട്.ഞങ്ങളുടെ വിവാഹ ശേഷം അവനും അവിടേക്കു പോകും.മക്കളുടെ വിവാഹത്തെക്കുറിച്ച്:ജീവിതത്തോട് പൊരുതി ആണ് ഇവിടെ വരെ എത്തിയത്.ഞങ്ങളുടെ കഥയെല്ലാം എല്ലാവര്‍ക്കും അറിയുന്നതാണ്.ഒരുപാടുപേര്‍ താങ്ങും തണലുമായി നിന്നിട്ടുണ്ട് അതൊന്നും മറക്കാനാകില്ല..അമ്മയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും..ഒപ്പം മൂന്നു പേര്‍ക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍ .