ഇന്ത്യ – ശ്രീലങ്ക പോരാട്ടത്തിനിടെ ജമ്മു കശ്മീരിന് നീതി വേണമെന്ന് ബാനറുകളുമായി സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന് വിമാനങ്ങള്‍

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ – ശ്രീലങ്ക പോരാട്ടത്തിനിടെ ജമ്മു കശ്മീരിന് നീതി വേണമെന്ന് ബാനറുകളുമായി സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന് വിമാനങ്ങള്‍ . ‘ജസ്റ്റിസ് ഫോര്‍ കാശ്മീര്‍, ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കാശ്മീരിനെ സ്വതന്ത്രമാക്കുക’. എന്നീ വാചകങ്ങള്‍ എഴുതിയ ബാനറുമായിട്ടാണ് ഗ്രൗണ്ടിന് മുകളിലൂടെ വിമാനം പറന്നത്. ഇതിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല.

മത്സരം മൂന്നാം ഓവറിലേക്ക് കടന്നപ്പോഴാണ് ആദ്യ വിമാനം എത്തിയത്. അതില്‍ ജസ്റ്റിസ് ഫോര്‍ കാശ്മീര്‍ എന്ന മുദ്രാവാക്യമാണ് എഴുതിയിരുന്നത്. മത്സരത്തിൻ്റെ 17-ാം ഓവറിലാണ് രണ്ടാം വിമാനം എത്തിയത്. സംഭവത്തില്‍ ഐസിസി ഖേദം പ്രകടിപ്പിച്ചു. ഇതേ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതിനുമുമ്പ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മല്‍സരം നടന്നപ്പോഴും ഇത്തരത്തില്‍ വിമാനം പറന്നിരുന്നു. ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍ എന്ന സന്ദേശവുമായിട്ടാണ് അന്ന് വിമാനം പറന്നത്. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ കാണികള്‍ തമ്മില്‍ കൈയേറ്റവും നടന്നിരുന്നു.