വേശ്യയ്ക്കും ന്യായീകരണമുണ്ട്; പികെ നവാസിന്റേത് ലൈംഗിക അധിക്ഷേപമാണെന്ന് ഹരിത മുന്‍ ഭാരവാഹികള്‍

പി. കെ നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയെന്ന് ഹരിത മുന്‍ ഭാരവാഹികള്‍. നവാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായാണ് ഹരിത മുന്‍ ഭാരവാഹികള്‍ രംഗത്തെത്തിയത്. നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയാണെന്ന് ആവര്‍ത്തിച്ച മുന്‍ ഭാരവാഹികള്‍ പി. കെ നവാസിന്റെ വിവാദ പരാമര്‍ശം മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തുകയും ചെയ്തു.

വേശ്യയ്ക്കും ന്യായീകരണമുണ്ടാകുമെന്നായിരുന്നു പി. കെ നവാസ് പറഞ്ഞതെന്ന് ഹരിത മുന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേജുള്ള പരാതിയാണ് പാര്‍ട്ടിക്ക് നല്‍കിയത്. അന്‍പത് ദിവസം നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും മുഫീദ് തസ്നി അടക്കമുള്ള നേതാക്കള്‍ വിശദീകരിച്ചു.

പരാതി നല്‍കിയതിന് പിന്നാലെ നിരന്തരം സൈബര്‍ ആക്രമണം നേരിട്ടു. ഇപ്പോഴും അത് തുടരുകയാണ്. ഹരിതയ്ക്കെതിരെ സംഘടിത വിദ്വേഷ പ്രചാരണം നടത്തി. പരാതി നല്‍കാന്‍ വൈകിയെന്ന് പറയുന്നത് തെറ്റാണ്. തെറ്റിദ്ധാരണ പരത്തുന്നത് നേതാക്കള്‍ അവസാനിപ്പിക്കണെമന്നും നേതാക്കള്‍ പറഞ്ഞു.