അനധികൃത സ്വത്ത് സമ്പാദന കേസില്‍ തച്ചങ്കരിക്കെതിരെ തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി

ഡിജിപി ടോമിന്‍. ജെ. തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോമിന്‍ തച്ചങ്കരി നല്‍കിയ അപേക്ഷയിലാണ് ഒമ്പത് വര്‍ഷം മുമ്പ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സര്‍ക്കാര്‍ തുടര്‍ അന്വേഷണം പ്രഖാപിച്ചത്.

വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ പാകപ്പിഴകള്‍ ഉണ്ടെന്ന് കാണിച്ചായിരുന്നു തച്ചങ്കരിയുടെ പരാതി. തുടരന്വേഷണം നടത്താനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ബോബി കുരുവിള നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 2003-2007 കാലഘട്ടത്തില്‍ ടോമിന്‍ തച്ചങ്കരി 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അഴിമതിയിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സ്റ്റുഡിയോയിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.