ഒമാനിലേക്ക് കടത്തിയ എഴോം സ്വദേശിനിക്ക് കേന്ദ്രമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം, നാട്ടിൽ തിരിച്ചെത്തി

കണ്ണൂർ : ജോലി വാഗ്ദാനം നല്‍കി ഒമാനിലേക്ക് കടത്തിയ എഴോം സ്വദേശിനിക്ക് കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ മോചനം. ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം നല്‍കി ഒമാനിലേക്ക് കടത്തിയ ഏഴോം നെരുവമ്പ്രം സ്വദേശിനി പി.പി. സോളിയാണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഭാരത എംബസിയുടെയും ഇടപെടലില്‍ നാട്ടിലെത്തിയത്.

ബെംഗളുരുവിൽ ഹോട്ടൽ നടത്തിവരികയായിരുന്ന സോളിയെ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് പറഞ്ഞാണ് ഒമാനിൽ എത്തിച്ചത്. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പി.എ. ജമാലുദ്ദീൻ വഴിയാണ് യുവതിക്ക് ജോലി വാഗ്ദാനം ലഭിച്ചത്.

കഴിഞ്ഞവർഷം ഡിസം. 23 നാണ് സോളി ഒമാനിൽ എത്തിയത്. ഇതിന് പിന്നാലെ 800 റിയാലിന് ഇവരെ ഏജന്റിന് വിറ്റു. ഏജന്റ് പിന്നീട് 1500 റിയാലിന് ഒമാൻ സ്വദേശിക്ക് വീട്ടുജോലിക്കായി കൈമാറി. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതി ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിക്കുകയായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നിർദ്ദേശപ്രകാരം എംബസി നടപടികൾ വേഗത്തിലാക്കിയതൊടെയാണ് സോളി ജന്മനാട്ടിൽ തിരിച്ചെത്തിയത്.