എന്തെങ്കിലും സംഭവിച്ചതിന് ശേഷം പിടിക്കുന്നതിലല്ല, സംഭവിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്, നടൻ ടിനി ടോം

കൊച്ചി. ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതികരണവുമായി നടൻ ടിനി ടോം. പോലീസും ജനപ്രതിനിധികളും കലാകാരന്മാരുമുൾപ്പടെയുള്ളവർ തെരുവിലിറങ്ങണം. കേരളത്തിൽ മനുഷ്യത്വം മരവിച്ചുവെന്നും ടിനി ടോം പറഞ്ഞു.

‘നമ്മൾ അന്യസംസ്ഥാന തൊഴിലാളികളെ കുറ്റം പറയും. പക്ഷെ, ആലുവയിൽ ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെയാണ് പീഡിപ്പിച്ചത്. അതും ഒരു മലയാളി. ഈ കുട്ടിയെ രണ്ടര മണിക്ക് ചൊരയിൽ കുളിച്ച് വസ്ത്രം പോലും ഇല്ലാതെ വരുന്നതാണ് കണ്ടത്. മനുഷ്യത്വം മരവിച്ചിരിക്കുകയാണ്. വിവാദമാക്കാനല്ല ഇത് പറയുന്നത്. ആലുവ മാർക്കറ്റിൽ ഒരു കുട്ടിയെ കൊലപ്പെടുത്തിയത് മാസങ്ങൾക്ക് മുമ്പാണ്. ഈ കുട്ടിയെ കണ്ടില്ലായിരുന്നുവെങ്കിൽ ഈ പിഞ്ചും മരണപ്പെട്ട് പോയേനെ. ആരോടാണ് ഇതെല്ലാം പറയേണ്ടത്. പോലീസും ജനപ്രതിനിധികളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സജീവമായി തന്നെ പ്രവർത്തിക്കണം’.

‘കലാകാരന്മാരുൾപ്പടെ ഇതിനെതിരെ പ്രതികരിക്കാൻ രംഗത്തു വരണം. നമ്മുടെ സ്വന്തം വീട്ടിൽ നടക്കാത്തതുകൊണ്ടാണ് പലരും കണ്ണടയ്‌ക്കുന്നത്. തൊട്ടപ്പുറത്തെ വീട്ടിൽ നടക്കുന്നതാണെങ്കിലും സ്വന്തം വീട്ടിലാണെന്ന ചിന്തയിൽ തെരുവിറങ്ങിയാൽ മാത്രമെ ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കൂ. ഒരുമിച്ച് നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തെങ്കിലും സംഭവിച്ചതിന് ശേഷം പിടിക്കുന്നതിലല്ല, സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്’- ടിനി ടോം പറഞ്ഞു.