രണ്ടു കയ്യും കൂട്ടി തട്ടിയാൽ മാത്രമേ ശബ്ദം ഉണ്ടാകു, ബന്ധം പിരിയാൻ ധൈര്യം തന്നത് മകൾ, കല മോഹൻ പറയുന്നു

പലപ്പോളും സൈക്കോളജിസ്റ്റ് കൗൺസിലർ കല മോഹൻ ഫേസ്ബുക്കിൽ പങ്ക് വെക്കുന്ന കുറിപ്പുകൾ ചർച്ച ആകാറുണ്ട്. തന്റെ മുന്നിൽ എത്തുന്ന പല അനുഭവങ്ങളും കല പങ്ക് വെക്കാറുണ്ട്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറയുകയാണ് കല. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ അസ്വാരസ്യങ്ങൾ ഉൾപ്പെടെ ഉള്ള കര്യങ്ങൾ കല പറയുന്നു. ഇപ്പൊൾ തന്റെ ജീവിതം തന്റെ മകൾ ആണെന്നും കല പറയുന്നു.

കലയുടെ കുറിപ്പിന്റെ പൂർണ രൂപം;

രണ്ടു കയ്യും കൂട്ടി തട്ടിയാൽ മാത്രമേ ശബ്ദം ഉണ്ടാകു.. അത് കൊണ്ട് തന്നെ എന്റെ ദാമ്പത്യം പിരിഞ്ഞതിൽ എനിക്കു ആരെയും കുറ്റപ്പെടുത്താൻ ഇല്ല. അനിവാര്യമായത് സംഭവിക്കാൻ ഇരുപത് വർഷം എടുത്തു എന്നതിൽ സങ്കടം ഇല്ല.. എന്റെ ശ്വാസം മകളാണ്… പിരിഞ്ഞു എന്നത് കൊണ്ട് മറുവശം എന്റെ ശത്രു ആകാതിരിക്കാൻ അവളൊരു കാരണമാണ്.. അത് ഒരു വലിയ സമാധാനവും..

കേസും വഴക്കും കോടതി നൂലാമാലകൾ ഒന്നും ഇല്ലാതെ ഒപ്പിട്ടു കൊടുക്കുമ്പോൾ, ഒട്ടും വേദന തോന്നിയില്ല.. അമ്മ ഒപ്പിടണം എന്ന ഉറപ്പുള്ള ഒറ്റ വാക്ക് അതിനുള്ള ധൈര്യം തന്നു.. അമ്മയെ വേണ്ടാത്ത ഒരാളെ അമ്മയ്ക്ക് എന്തിനു എന്നൊരു മൂർച്ചയുള്ള ചോദ്യം എനിക്കു പിന്തുണ നൽകി..

പിരിയാൻ ഉള്ള കാരണങ്ങളിൽ ഒന്ന് എനിക്കു depression ഉണ്ട് എന്നതായിരുന്നു. അതിനു ജനിതകമായ ഊന്നൽ നൽകാൻ രണ്ടു ആത്മഹത്യകളും കോടതി പേപ്പറിൽ കോറി വെച്ചു… അഞ്ചു സ്ഥാപനത്തിൽ ഫ്രീലാൻസിങ് ചെയ്യുന്ന ഞാൻ, മോട്ടിവേഷണൽ ക്ലാസുകൾ എടുക്കുന്ന സമയത്തു വിഷാദരോഗം അനുഭവിക്കുന്നു എന്നത് തെളിയിക്കാൻ ഒരു ഡോക്ടറുടെ സാക്ഷ്യ കുറുപ്പ് വേണ്ടായിരുന്നു… !

ആളുകളുമായി ഇടപെടാൻ ഉള്ള വിമുഖത ആണ് വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണം..
പിന്നെ ഒന്ന്, കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തോന്നില്ല.. അത്രയ്ക്ക് ക്ഷീണം തോന്നാം.. കൊല്ലത്തു നിന്നും രാവിലെ ആറു മണിക്ക് ഞാൻ തിരുവനന്തപുരത്തേയ്ക്ക് വണ്ടി കേറുന്നുണ്ട് വര്ഷങ്ങളായി.. പല ചാനലുകളിൽ പരിപാടി ചെയ്യുന്നു.. ക്ലാസുകൾ എടുക്കാൻ പോകുന്നു.. ഏകാഗ്രത ഇല്ലാത്ത ഞാൻ എങ്ങനെ നിറഞ്ഞിരിക്കുന്ന സദസ്സിനെ കയ്യിലെടുക്കും? താളം തെറ്റിയ മനസ്സുമായി എനിക്കു എങ്ങനെ അത് പറ്റുമായിരുന്നു..? ജീവിതത്തിൽ സമ്പാദ്യം സ്വന്തായി ഉണ്ടാക്കണം, ആരെയും ആശ്രയിക്കരുത് എന്ന മോഹത്തിൽ നടക്കുന്ന ഞാൻ എങ്ങനെ നിരാശ കൊണ്ട് നിറയുന്നവളാകും? ഒരുങ്ങി നടക്കാൻ ഏറെ താല്പര്യം ഉള്ള ഞാൻ എങ്ങനെ മൂടി കെട്ടിയ മനസ്സിന്റെ ഉടമ ആകും? സിനിമകൾ, പുസ്തകങ്ങൾ ഇവയിൽ സ്വപ്‌നങ്ങൾ ചാലിച്ച് എന്നും ജീവിച്ച ഞാൻ എങ്ങനെ ഇഷ്‌ടങ്ങൾ ഇല്ലാത്തവൾ ആകും?

വൈകാരിക വിക്ഷോഭത്താൽ ഞാൻ പൊട്ടിത്തെറിക്കുക പതിവായിരുന്നു.. പക്ഷെ,
വാക്കുകൾ ഞാനറിയാതെ പുറത്തേയ്ക്ക് വരുക ആയിരുന്നില്ല.. അതെന്റെ സങ്കടങ്ങൾ ആയിരുന്നു… ഞാനൊരു പ്രേമഭിക്ഷുകി ആയിരുന്നിട്ടും എന്നിൽ വിരക്തി നിറഞ്ഞു നിന്ന വർഷങ്ങൾ പുരുഷനെന്ന നിലയ്ക്ക്, സ്ത്രീയുടെ നേർക്ക് വിരൽ നീളുന്ന അതികഠിനമായ, അത്യധികം മൂർച്ഛയുളള ഒരായുധം തന്നെയാണ്..

കഥയ്ക്ക് പിന്നിലെ കഥയ്ക്ക് പ്രസക്തി ഇല്ല..
ഞാൻ അവിടെ നിശബ്ദയായി.. എന്നിൽ നിന്നും ലഭ്യമാകുന്നതിനെക്കാൾ കൂടുതൽ കിട്ടണമെന്ന് ഞാനും അതേ പോലെ തിരിച്ചും കൊതിച്ചില്ല.. സ്നേഹത്തിന്റെ ഉന്നതമായ മേഖലയിൽ എത്താതെ, കാമം സ്ത്രീയ്ക്ക് അന്യമാണെന്ന് ഞാനിന്നും വിശ്വസിക്കുന്നു..

ലക്ഷണങ്ങൾ നോക്കാതെ, കാരണങ്ങൾക്ക് പിന്നിലെ ചോദ്യങ്ങൾ ഇല്ലാതെ, വിഷാദരോഗമെന്നു തീർപ്പിൽ ഒതുക്കി.. അതും ഈ അവസ്ഥയെ പറ്റി മനഃശാസ്ത്ര രംഗത്ത് നിൽക്കുന്ന ഒരാൾക്കു അറിയാത്ത കാര്യം എന്ന് ചിന്തിച്ചിട്ടുണ്ടോ… വിഷാദ രോഗം ആർക്കും വരാം.. എനിക്കും വരാം.. ജീവിതത്തിന് വേണ്ടുന്ന ചേരുവകൾ ഇല്ലാത്തപ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിലും പ്രകടമായിരുന്നിരിക്കാം.. അത് നിസ്സാരമായ ഒന്നല്ല.. ഉറ്റവരും ഉടയവരും ചേർത്ത് പിടിക്കേണ്ട അവസ്ഥ ആണ്..

Psychotic depression ഉണ്ട്.. Neurotic depression ഉണ്ട്… Psychotic അവസ്ഥ മരുന്ന് കഴിച്ചു തന്നെ ഭേദമാക്കാൻ പറ്റു.. അല്ല എങ്കിൽ, ആത്മഹത്യ വരെ ഉണ്ടാകാം..

Neurotic എന്നാൽ, ഒരു പ്രത്യേക സംഭവം ജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതത്തിൽ നിന്നും വരാം.. കൗൺസലിംഗ് കൊണ്ട് മാറാം.. തെറാപ്പി ഫലപ്രദമാണ്..

ഈ കൊറോണ കാലങ്ങൾ വിഷാദാവസ്ഥയിൽ ഉള്ളവർക്ക്, പിന്തുണ നൽകുന്നതിൽ ശ്രദ്ധിക്കണം.. മരുന്ന് കഴിക്കുന്നു എങ്കിൽ, അത് മുടക്കരുത്.. നാണിക്കേണ്ടതില്ല.. രോഗം ആരുടേയും കുറ്റമല്ല.. അംഗീകരിക്കണം, ചികിത്സ നൽകണം.. സ്വയം മുന്നോട്ട് വന്നു തേടാൻ പറ്റണം..

എന്നാൽ രോഗമില്ലാത്ത ഒരാളെ, അതിലേയ്ക്ക് കൊണ്ടിടരുത്.. അത് പോലെ, സ്വന്തം മനഃസാക്ഷിയുമായി ഒരു മൽപ്പിടുത്തം ഇല്ലാതെ ജീവിതം കൊണ്ട് പോകാനുള്ള സാഹചര്യം ഒരുക്കുക എന്നത് ഒരു വലിയ കാര്യമാണ്.. ദമ്പതിമാർ, ഒരേ കിടക്കയിൽ അപരിചിതരെ പോലെ കഴിയേണ്ടതില്ല…

ഇന്ന് രാവിലെ എന്നെ ഉണർത്തിയത് ഒരു കരച്ചിലാണ്.. ഞാനെന്നെ അവളിൽ കണ്ടു.. ഇരുപത് വർഷത്തെ പരിചയം കൊണ്ട് എനിക്കു അയച്ച ആ കോടതി പേപ്പർ ഞാൻ കളഞ്ഞിട്ടില്ല..

യാ അല്ലാഹ്… ???? ഒഴിവാക്കാന് ഒറ്റ വാക്ക് പോരേ.. നിന്നെ എനിക്ക് വേണ്ട ! അതിനെന്തിനു കുറുക്കു വഴികൾ..❤