കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് വയോധികര്‍ കൊല്ലപ്പെട്ട സംഭവം; റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച നാട്ടുകാരില്‍ 25 പേരുടെ പേരില്‍ കേസ്

എരുമേലി: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് വയോധികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച നാട്ടുകാരില്‍ 25 പേരുടെ പേരില്‍ കേസ്. ആക്രമണ സ്വഭാവത്തോടെ സംഘം ചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതില്‍ 16 പേര്‍ക്ക് കഴിഞ്ഞ ദിവസം പോലീസ് സമന്‍സ് കൈമാറി.

വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. ജനപ്രതിനിധികളായ പമ്പാവാലി വാര്‍ഡംഗം മറിയാമ്മ സണ്ണി, എയ്ഞ്ചല്‍വാലി വാര്‍ഡംഗം.മാത്യു ജോസഫ് മഞ്ഞപ്പള്ളിക്കുന്നേല്‍, തുമരംപാറ വാര്‍ഡ് അംഗം പ്രകാശ് പള്ളിക്കൂടം, ബഫര്‍സോണ്‍ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ പി.ജെ. സെബാസ്റ്റ്യന്‍ പുതുപ്പറമ്പില്‍ ഉള്‍പ്പെടെയാണ് 25 പേരുടെ പേരില്‍ കേസ്. പിഴ അടയ്ക്കാന്‍ പണം കണ്ടെത്തേണ്ടതിനാല്‍ അവധിക്ക് അപേക്ഷ നല്‍കാനാണ് കേസില്‍ ഉള്‍പ്പെട്ടവരുടെ തീരുമാനം.

വീടിന്റെ വരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന കണമല പുറത്തേല്‍ ചാക്കോ(65), കൃഷിയിടത്തില്‍ റബ്ബര്‍ ടാപ്പിങ്ങ് നടത്തുകയായിരുന്ന പ്ലാവനാല്‍കുഴിയില്‍ തോമസ് ആന്റണി(65) എന്നിവരാണ് കഴിഞ്ഞ മെയ് 19ന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഗ്രാമീണരെ നടുക്കിയ ദുരന്തത്തില്‍ വൈകാരികമായി പ്രതിഷേധിച്ചവരുടെ പേരില്‍ കേസ് എടുത്ത പോലീസ് നടപടി നാട്ടുകാരില്‍ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്.നാട്ടിലിറങ്ങിയ കാട്ടുപോത്ത് രണ്ടുപേരുടെ ജീവനെടുത്തപ്പോള്‍ നൂറുകണക്കിന് നാട്ടുകാരാണ് കണമല ജങ്ഷനില്‍ റോഡുപരോധിച്ച് പ്രതിഷേധിച്ചത്.