നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഉണ്ടായേക്കാം, മറ്റൊരു സെയ്ഫ് ഉണ്ടാകില്ലെന്ന് കരീന കപൂർ

ബിടൗൺ സുന്ദരി കരീന കപൂറിന് ബോളിവുഡിൽ മാത്രമല്ല രാജ്യമൊട്ടാകെ നിരവധി ആരാധകരാണുള്ളത്. സിനിമയിലും സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. ഇപ്പോൾ സിനിമാരം​ഗത്ത് 25 വര്‍ഷം പൂർത്തിയാക്കിയ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനെ പ്രശംസിക്കുകയാണ് കരീന. ഇനിയും നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഉണ്ടായേക്കാമെങ്കിലും മറ്റൊരു സെയ്ഫ് ഉണ്ടാകില്ലെന്ന് താരം പറഞ്ഞു.

സെയ്ഫ് ഒരു ധീരനായ നടനാണ്. ഇനിയും നൂറുകണക്കിന് സൂപ്പര്‍താരങ്ങള്‍ ഉണ്ടാകും പക്ഷെ മറ്റൊരു സെയ്ഫ് ഉണ്ടാകില്ല. അദ്ദേഹം ചിന്തിക്കുന്നത് വ്യത്യസ്തമായാണ്, തിരഞ്ഞെടുപ്പുകളും വ്യത്യസ്തമാണെന്നാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കരീന സെയ്ഫിനെക്കുറിച്ചത് പറഞ്ഞത്.

രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് സെയ്ഫും കരീനയും. അടുത്തിടെയാണ് താരദമ്പതികള്‍ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഗർഭകാലത്തും മുമ്പത്തെപ്പോലെ പ്രൊഫഷണിൽ സജീവമാണ് കരീന. താരത്തിന്റെ മെറ്റേണിറ്റി ഫാഷൻ കഴിഞ്ഞ ​ഗർഭകാലത്തേതുപോലെ തന്നെ ഇപ്പോഴും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഓ​ഗസ്റ്റിലാണ് കരീന ​ഗർഭിണിയാണെന്ന വാർത്ത പങ്കുവെക്കുന്നത്. 2016ലാണ് സെയ്ഫിനും കരീനയ്ക്കും തൈമുർ പിറക്കുന്നത്. തൈമുറിനെ ​ഗർഭം ധരിച്ച കാലത്തുടനീളം സിനിമകളും ഫാഷൻ റാംപുകളുമായി താരം തിരക്കിലായിരുന്നു. സമാനമായി ഇപ്പോഴും താരം ഷൂട്ടുകളും മറ്റുമായി തിരക്കിലാണ്.