കിറ്റെക്‌സില്‍ വീണ്ടും പരിശോധന; ഇത് 12ാമത്തെ തവണ; പിടി തോമസിന്റെ പരാതിയിലെന്ന് വിശദീകരണം

കൊച്ചി: കിഴക്കമ്ബലത്ത് കിറ്റെക്‌സില്‍ വീണ്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാണ് ഭൂഗര്‍ഭ ജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. ഇത് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള 12ാമത്തെ മിന്നല്‍ പരിശോധനയാണെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ് പറ‍ഞ്ഞു.

വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി രാജീവ് പ്രഖ്യാപനം നടത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധന നടത്തിയത്. സംസ്ഥാനതലത്തില്‍ വിവിധ വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു വ്യവസായമന്ത്രി പറഞ്ഞത്.

ജില്ല വികസന സമിതി യോഗത്തില്‍ പി.ടി. തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പറഞ്ഞു. വ്യവസായമന്ത്രി എന്ത് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും കേരളത്തില്‍ നടപ്പാവില്ലെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു.