കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം; വാക്ക് പാലിക്കാനാകാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാമാസവും അഞ്ചാം തീയതിക്കകം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്​വാക്കായി. ശമ്പളം വിതരണം ചെയ്യാതിരുന്നത് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഉന്നയിച്ചു. ഒരു മാസം മാത്രമാണ് അഞ്ചാംതീയതി ശമ്പളം വിതരണം ചെയ്തതെന്ന് കോണ്‍ഗ്രസ് അംഗം എം.വിൻസെന്റ് ചൂണ്ടിക്കാട്ടി.

ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെക്കുറിച്ചുള്ള എം.എൽ.എയുടെ ചോദ്യത്തിന് ഗതാഗതമന്ത്രി മറുപടി പറഞ്ഞില്ല. സ്വിഫ്റ്റിന്റെ ചോദ്യം ഉന്നയിക്കേണ്ടയിടത്ത് കെ.എസ്.ആർ.ടി.സിയെക്കുറിച്ച് ചോദിച്ചാൽ മറുപടി പറയാനാകില്ലെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. വരുമാനം നല്ലത് പോലെ കൂടിയാൽ ഒന്നാം തീയതി തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് ​ഗതാ​ഗത മന്ത്രി ആ​ന്റണി രാജു പറഞ്ഞിരുന്നു. എന്നാൽ വരുമാനത്തിൽ മാറ്റമുണ്ടായെങ്കിലും ശമ്പളം കൃത്യസമയത്തു കിട്ടിയിട്ടില്ല.

ഉല്ലാസയാത്രകൾക്കും കല്യാണ ഓട്ടത്തിനുമായി കെഎസ്ആർടിസി ബസുകൾ ഓടുന്നത് വഴിയും ഇപ്പോൾ വരുമാനത്തിൽ ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കള്ളിപ്പാറയിലേക്ക് മൂന്നാറിൽ നിന്നുള്ള സർവീസുകളിൽ നിന്നു മാത്രം കെഎസ്ആർടിസിക്ക് 3 ദിവസങ്ങൾ കൊണ്ട് 1,05,000 രൂപ വരുമാനം ലഭിച്ചു. മൂവായിരത്തിലധികം സഞ്ചാരികൾ മൂന്നാറിൽ നിന്നുള്ള കെഎസ്ആർടിസി പ്രത്യേക സർവീസിനെ ആശ്രയിച്ചു.

എന്നാൽ വരുമാനം കൂടിയെന്ന് അല്ലാതെ ശമ്പളം നൽകുന്ന വാക്ക് മാത്രം പാലിക്കപ്പെട്ടിട്ടില്ല. ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ജീവനക്കാർ വീണ്ടും തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട അവസ്ഥയാണ്.