മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് കേസെടുക്കണമെന്ന് കുമ്മനം രാജശേഖരന്‍

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ സജി ചെറിയാനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. ഭരണഘടന നല്‍കിയ പദവിയില്‍ ഇരുന്നുകൊണ്ട് ഭരണഘടനയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഭരണഘടനയില്‍ തൊട്ട് അധികാരത്തിലെത്തിയ മന്ത്രിക്ക് ചെയ്ത തെറ്റ് മനസ്സിലായില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം. അല്ലാത്ത പക്ഷം ഗവര്‍ണര്‍ ഭരണഘടനാ പരമായ കര്‍ത്തവ്യം നിര്‍വ്വഹിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇങ്ങനെയൊരാള്‍ മന്ത്രി പടവിയില്‍ ഇരിക്കുന്നത് ജനാധപത്യത്തിന് കളങ്കമാണ്. മന്ത്രിസ്ഥാനത്ത് അദ്ദേഹത്തിന് ഇരിക്കാന്‍ കഴിയുന്നത് രാജ്യത്ത് ഭരണഘടന ഉള്ളതുകൊണ്ടാണെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് കൊണ്ട് ഇന്ത്യക്കാരന്‍ എഴുതി വച്ചിരിക്കുകയാണെന്നും. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിത്. ഇതാണ് 75 വര്‍ഷമായി പിന്തുടരുന്നതെന്നും. ജനാധിപത്യം, മതേതരത്വം എന്നിവ പേരിന് മാത്രമാണ് എഴുതിവച്ചിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.