ലോകായുക്ത ബില്‍ സഭയില്‍; ജുഡീഷ്യറിയ്ക്ക് മേലുള്ള കടന്നുകയറ്റമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം. പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ സര്‍ക്കാര്‍ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്.

ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ബില്ലിന്റെ നിയമസാധുതയേയും ഭരണഘടനാസാധുതേയും വെല്ലുവിളിക്കുന്നതിയും നിയമസഭയുടെ അന്തസ്സിന് ചേരാത്ത നിയമമാണിതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണിത് ജുഡീഷ്യല്‍ സംവിധാനത്തിന്റെ തീരുമാനം എങ്ങനെ എക്‌സിക്യൂട്ടീവിന് തള്ളാന്‍ കഴിയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.സിപിഐ നേതാവായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന നിയമമാണിത് ഇതില്‍ മാറ്റം വരുത്തുന്നതിനെയാണ് സിപിഐ അനുകൂലിക്കുന്നത്. എന്ത് ധാരണയാണ് സിപിഐയും സിപിഎം ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത നിയമമാണ് ലോകായുക്തയുടെതായി നിലവില്‍ ഉള്ളതെന്ന് പി രാജീവ് പറഞ്ഞു. നിലവിലെ ലോകായുക്ത നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.