അബുദാബി ബിഗ് ടിക്കറ്റ്, കോടികളുടെ ഭാഗ്യം വീണ്ടും മലയാളിക്ക്

അബുദാബിയില്‍ ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നവരില്‍ നിരവധി മലയാളികളുണ്ട്. പലപ്പോഴും ഭാഗ്യ ദേവതയുടെ കടാക്ഷം മലയാളികളെ കോടികളുടെ രൂപത്തില്‍ തേടി എത്താറുമുണ്ട്. ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം കോടികളുടെ ഭാഗ്യം വീണ്ടും മലയാളിയെ തേടി എത്തിയിരിക്കുകയാണ്. ഇന്നലെ അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികളാണ് കോട്ടയം ചെങ്ങളം സ്വദേശിയായ ജോര്‍ജ് ജേക്കബിന് ലഭിച്ചത്.

1.2 (24.13 കോടി രൂപ) കോടി ദിര്‍ഹമാണ് നറുക്കെടുപ്പില്‍ ജോര്‍ജ് ജേക്കബിന് ലഭിച്ചത്. യുഎഇയിലെ ദേശീയ ദിനം ആഘോഷിക്കുന്ന വേളയിലാണ് ജോര്‍ജിന് സമ്മാനം ലഭിച്ച സന്തോഷ വാര്‍ത്ത എത്തുന്നത്. ഇത് മലയാളി സമൂഹത്തെ ഒന്നാകെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. 20 വര്‍ഷങ്ങളായി ജോര്‍ജ് ജേക്കബ് ദുബായിലുണ്ട്. ഒമേഗ മെഡിക്കല്‍സി മാനേജരായി ജോലി ചെയ്ത് വരികയാമ്. 2 വര്‍ഷമായി ടിക്കറ്റ് എടുക്കുന്നുണ്ട്. അത് ചിലപ്പോള്‍ തനിച്ചും ചിലപ്പോള്‍ സുഹൃത്തുക്കളുമായി ചേര്‍ന്നുമാണ്. ഇക്കുറി തനിച്ച് ആയിരുന്നു ടിക്കറ്റ് എടുത്തത്.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനയുടെ ഫലം. തുക എന്തു ചെയ്യണമെന്നു കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തു പിന്നീട് തീരുമാനിക്കും. കോടിപതിയായി എന്നു കരുതി ഈ രാജ്യം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചു വളര്‍ന്നയാളാണെന്നും അതുകൊണ്ടുതന്നെ സമ്മാനത്തില്‍നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും പറഞ്ഞു.

ഭാര്യ ബിജി ജോര്‍ജ് (നഴ്‌സ്, റാഷിദ് ഹോസ്പിറ്റല്‍), മക്കളായ ഡാലിയ ജോര്‍ജ്, ഡാനി ജോര്‍ജ് എന്നിവരോടൊപ്പം ദുബായിലാണ് താമസം. ജോര്‍ജിനെ കൂടാതെ 3 മലയാളികളടക്കം 5 പേര്‍ക്കു 40,000 മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ ലഭിച്ചിട്ടുണ്ട്.