നാല് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു, എങ്ങനെയെങ്കിലും നാട്ടില്‍ തിരികെ എത്തണം, യുക്രൈനിലെ മലയാളി വിദ്യാര്‍ത്ഥിനി പറയുന്നു

യുക്രൈനെതിരെയുള്ള ആക്രമണം റഷ്യ ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്. മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കുടുങ്ങി കിടക്കുകയാണ്. ഇപ്പോള്‍ യുക്രൈനില്‍ ഭീതിയോടെയാണ് തങ്ങള്‍ കഴിയുന്നതെന്ന് പറയുകയാണ് അവിടുത്തെ മലയാളി വിദ്യാര്‍ത്ഥിനിയായ ആര്യ ബാബു.

യുദ്ധ സാഹചര്യത്തില്‍ താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങാതെ കഴിയുകയാണ്. എംബസിയില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നതിന് അനുസരിച്ച് നാട്ടിലേക്ക് മടങ്ങുമെന്നും ഒഡേസ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ആര്യ പറഞ്ഞു. എറണാകുളം ജില്ലയിലെ മനീട് സ്വദേശിയാണ് ആര്യ.

യുദ്ധ വിവരം അറിഞ്ഞതിന് പിന്നാലെ ആര്യയും സുഹൃത്തുക്കളും പുറത്തിറങ്ങിയ അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങി വെച്ചിരുന്നു. എടിഎമ്മില്‍ നിന്നും പണം കിട്ടുന്നില്ല. അതിനാല്‍ കയ്യില്‍ ബാക്കി ഉണ്ടായിരുന്ന പണം ഉപയോഗിച്ചാണ് സാധനങ്ങള്‍ വാങ്ങിയത്. സൂപ്പര്‍മാര്‍ക്കറ്റ് അടക്കമുള്ളിടത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഭയം കാരണം ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങി കൂട്ടുകയാണ്. വെള്ളത്തിന് ഓര്‍ഡര്‍ നല്‍കിയിട്ടും അതൊന്നും ലഭിച്ചില്ല. എടിഎമ്മിന് മുന്നില്‍ മണിക്കൂറുകള്‍ ക്യൂ നിന്നാലും പണം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഭക്ഷണത്തിനും ലഭ്യത കുറവുണ്ടാകും. -ആര്യ പറഞ്ഞു.

ആര്യ താമസിക്കുന്ന ഒഡേസയിലാണ്. ഈ സ്ഥലത്ത് ഇപ്പോള്‍ പ്രശനങ്ങളില്ല. രാവിലെ മൂന്ന് സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടു. ആശങ്കയുള്ളതിനാല്‍ പുറത്തിറങ്ങുന്നില്ലെന്നും ആര്യ വ്യക്തമാക്കി. ഒഡേസയില്‍ മാത്രം ഇരുന്നൂറില്‍ അധികം മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുണ്ട്. കുറച്ചു പേര്‍ ഇതിനോടകം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഒഴിപ്പിക്കല്‍ സംബന്ധിച്ച് എംബസിയില്‍ നിന്ന് ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാല്‍ അറിയിപ്പ് ലഭിക്കുന്നതിന് അനുസരിച്ച് പുറപ്പെടാനായി എല്ലാം തയ്യാറാക്കി വെച്ചിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍. ഇന്നോ നാളെയോയായി പുറപ്പെടാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.