മുറിവേറ്റ കാലിലെ പ്ലാസറ്റര്‍ ഊരിക്കളഞ്ഞ് വേദന സഹിച്ച് യുവാവ് നടന്നത് 240 കിലോ മീറ്റര്‍

ലോക് ഡൗണില്‍ ഏറ്റവിം കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ചത് അന്യദേശത്തുനിന്നും ജോലിക്കായെത്തിയവരാണ്. ജോലിയും താമസവും ഇല്ലാതായതോടെ അവര്‍ക്ക് ഇന്ത്യയില്‍ നില്‍ക്കാന്‍ കഴിയാതെയായി. പട്ടിണിമൂലം പലരും 700 കിലോമീറ്ററുകളോളം നടന്ന് നാട്ടിലേക്ക് പാലയാനം ചെയ്തു . ഗര്‍ഭിണികളും കുട്ടികളുമടക്കം പാലായനം ചെയ്യുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടു.

തൊഴിലിടത്തില്‍ നിന്നും സ്വദേശങ്ങളിലേയ്ക്ക് അഭയാര്‍ഥികളെപ്പോലെ പാലായനം ചെയ്യേണ്ടി വന്ന ഗതികേടിലാണ് മിക്ക തൊഴിലാളികളും. ഇതിനിടെ, രാജ്യത്തെ ഈ ദുരിതക്കാഴ്ചകളുടെ മുഖചിത്രമായി മാറിയിരിക്കുകയാണ് മധ്യപ്രദേശിലെ ഈ യുവാവിന്റെ ദൃശ്യം. ജോലിസ്ഥലത്തുനിന്ന് സ്വന്തം നാട്ടിലേക്കുള്ള കാല്‍നടയാത്രക്കിടെ മധ്യപ്രദേശിലെ ഒരു ഹൈവേയില്‍ പൊരിവെയിലത്ത് നിലത്തിരുന്ന്, കാലിലിട്ട പ്ലാസ്റ്റര്‍ ഊരി മാറ്റാന്‍ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യമാണത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്ന 18 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ആ ദൃശ്യം ആരുടേയും കണ്ണുനിറയ്ക്കാന്‍ മാത്രം ദൈന്യത നിറഞ്ഞതാണ്. മധ്യപ്രദേശിലെ പിപ്പാരിയയില്‍ കൂലിപ്പണിക്കാരനായ ബന്‍വര്‍ലാല്‍ എന്ന യുവാവാണ് ചിത്രത്തിലുള്ളത്. രാജസ്ഥാന്‍ സ്വദേശിയാണ് ബന്‍വര്‍ലാല്‍. ജോലിക്കിടെ ഇടതുകാലിന്റെ മൂന്ന് വിരലുകള്‍ക്കും കണങ്കാലിനും പരിക്കേറ്റു. തുടര്‍ന്ന് കാലിന്റെ മുട്ടുവരെ പ്ലാസ്റ്റര്‍ ഇടേണ്ടിവന്നു. ഇതിനിടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജോലി ഇല്ലാതായതോടെ താമസസ്ഥലത്തുനിന്ന് ഇറങ്ങേണ്ടിവന്നു. മറ്റു തൊഴിലാളികളെപ്പോലെ സ്വദേശത്തേയ്ക്കു മടങ്ങാന്‍ തീരുമാനിച്ചു. പിപ്പാരിയയില്‍നിന്ന് ഇവിടെവരെയുള്ള 500 കിലോ മീറ്റര്‍ ദൂരത്തേക്ക് ഒരു വാഹനം കിട്ടി. സ്വന്തം ഗ്രാമത്തിലേയ്ക്ക് ഇനിയുള്ള 240 കിലോ മീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുക മാത്രമാണ് മുന്നിലുള്ള മാര്‍ഗം. അതിര്‍ത്തികളില്‍ പോലീസ് ശക്തമായ പരിശോധനകളാണ് നടത്തുന്നത്. പക്ഷെ, എനിക്കു മറ്റു മാര്‍ഗമില്ല. ഗ്രാമത്തില്‍ എന്റെ കുടുംബം ഒറ്റയ്ക്കാണ്. പണിയില്ലാത്തതിനാല്‍ പണമൊന്നും അയയ്ക്കാന്‍ സാധിച്ചിട്ടില്ല. കാലിലെ പ്ലാസ്റ്റര്‍ മുറിച്ചുനീക്കി നടക്കുകയല്ലാതെ മറ്റു വഴിയില്ല, ബന്‍വര്‍ലാല്‍ പറയുന്നു.