പായിപ്പാട്ടേ ഗൂഢാലോചനക്കാർ ആരാണ്‌, മുഖ്യമന്ത്രി പറയണം

പായിപ്പാട്ടേ ഗൂഢാലോചനക്കാർ ആരാണ്‌. ഇത് പറയാൻ മുഖ്യമന്ത്രിയുടെ ആവേശം ചോർന്ന വാവിനെയും നിലപാടിനെയും പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. പായിപ്പാട് നടന്നത് ലോക്ക് ഡൗൺ ലംഘനമാണ്‌. അതീവ ഗുരുതരമായ കാര്യമാണ്‌. കേരളത്തിന്റെയും രാജ്യത്തിന്റെയും നിലനില്പ്പിനെ തകർക്കുന്ന വിധ്വംസന പ്രവർത്തനമായിരുന്നു അത്. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ ആരോപണം നിരത്തുകയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ

പായിപ്പാട് ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ സംഭവത്തിലെ, ഗൂഢാലോചന ഉണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി അത് തുറന്നുകാട്ടാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും എല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനാണ് ഈ പ്രതിസന്ധിഘട്ടത്തിലും മുഖ്യമന്ത്രി ശ്രമിക്കുന്നത്. വസ്തുതകള്‍ എന്തിന് മറച്ചുവയ്ക്കണമെന്നും ഈ വിഷയത്തില്‍ ആരെയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.മഹാമാരിയെ നേരിടാന്‍ എല്ലാവരുടേയും സഹകരണവും സഹായവും ആവശ്യമായ ഘട്ടത്തില്‍ അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഏത് നടപടിയും അപടകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പായിപ്പാട് മാത്രമല്ല സംസ്ഥാനത്ത് ഉടനീളം വിവിധ ഭാഷ തൊഴിലാളികളുടെ മുഖ്യവിഷയം കൊടും വിശപ്പുതന്നെയാണ്. ഇക്കാര്യം മുഖ്യമന്ത്രി ബോധപൂര്‍വ്വം മറച്ചുവയ്ക്കുകയാണ്. കഴിഞ്ഞ ദിവസം വിശന്ന് റോഡിലിറങ്ങിയ അന്യസംസ്ഥാനത്തൊഴിലാളികള്‍ കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗമായ ചാലപ്പുറത്ത് ഭക്ഷണത്തിനായി ശണ്ഠ കൂടിയായപ്പോള്‍ താന്‍ നേരിട്ട് ഇടപെട്ടകാര്യം മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിന് പകരമായി ദേശാന്തര തൊഴിലാളികളുടെ വിശപ്പ് എന്ന യാഥാർത്ഥ്യം തിരിച്ചറിയാന്‍ മുഖ്യമന്ത്രിക്ക് കഴിയണം. സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനുള്ള വിലകുറഞ്ഞ ശ്രമങ്ങളായി മാത്രമേയിതിനെ കാണാനാകൂയെന്നും മുല്ലപ്പള്ളി പറഞ്ഞു. പായിപ്പാട് സംഭവത്തിലെ ഗൂഢാലോചന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തുറന്നുകാട്ടാന്‍ തയ്യാറായില്ലെങ്കില്‍ അതിനെ ഒരു രാഷ്ട്രീയ നാടകമായെ കാണാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു