കുഞ്ഞ് നിർത്താതെ കരഞ്ഞു, പാൽക്കുപ്പിയിൽ മദ്യം ഒഴിച്ച് നൽകി അമ്മ, അറസ്റ്റ്

വാഷിംഗ്ടൺ : പാൽക്കുപ്പിയിൽ കുഞ്ഞിന് മദ്യം ഒഴിച്ച് നൽകിയ അമ്മ അറസ്റ്റിൽ. കുഞ്ഞ് നിർത്താതെ കരഞ്ഞതോടെയാണ് അമ്മ ഇത്തരമൊരു കടുംകൈ ചെയ്തത്. സംഭവത്തിൽ 37-കാരിയായ കാലിഫോർണിയ സ്വദേശി ഹോനെസ്റ്റി ഡി ലാ ടോറെയാണ് അറസ്റ്റിലായത്. കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമം നടത്തിയതിന്റെ പേരിലാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.

ലോസ് ഏഞ്ചൽസിൽ റിയാൽട്ടോയിലെ ഇൻകോർപ്പറേറ്റഡ് പ്രദേശത്താണ് സംഭവം നടക്കുന്നത്. യുവതിയുടെ വീട്ടിൽ പോലീസ് എത്തിയപ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ പുറംലോകം അറിയുന്നത്. കുഞ്ഞ് അമിതമായി കരഞ്ഞെന്നും കരച്ചിൽ നിർത്താനാണ് പാൽകുപ്പിയിൽ മദ്യം ഒഴിച്ച് നൽകിയതെന്നും യുവതി മൊഴി നൽകി.

ഉടൻ തന്നെ പോലീസ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം യുഎസിലുടനീളം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുട്ടികൾക്കു നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ കാറിനുള്ളിൽ ഒറ്റയ്ക്ക് ഉപേക്ഷിച്ചു പോകുന്ന പ്രവണതയും ഒട്ടും കുറവല്ല.