പോപുലര്‍ ഫ്രണ്ടിന് പിന്നാലെ മുസ്ലീം ലീഗിന്റെ ഭാവിയും തുലാസില്‍

പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ എസ്ഡിപി ഐയും നിരോധിക്കാനൊരുങ്ങുകയാണ്. ഇതിനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് അന്തിമ ഉത്തരവിറക്കേണ്ടത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പടപടി വേഗത്തിലാക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ പോപുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ തന്നെയാണ് എസ്ഡിപി ഐയുടെയും എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് നടപടി കൈക്കൊള്ളാനൊരുങ്ങുന്നത്.

പോപുലര്‍ ഫ്രണ്ടിന്റെ അതേ അവസ്ഥയാണ് എസ്ഡിപി ഐയെ കാത്തിരിക്കുന്നത്. മുസ്ലീം നാമവും മറ്റും ഉപയോഗിക്കുന്ന മറ്റൊരു പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ആ മുസ്ലീം ലീഗിന്റെ ഭാവിയും തുലാസിലാണ്. മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും മുസ്ലീം ലീഗിനും സുപ്രീം കോടതി നോട്ടിസയക്കുകയും ചെയ്തു. മതപരമായ ചിഹ്നം ഉപയോഗിച്ച് വോട്ട് തേടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദള്‍ തുടങ്ങിയ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വിയാണ് കോടതിയെ സമീപിച്ചത്.

ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരോ ചിഹ്നമോ ഉപയോഗിച്ച് വോട്ട് തേടാന്‍ പാടില്ല, ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും, രണ്ട് പാര്‍ട്ടികളും ഈ നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് എം ആര്‍ ഷാ , ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ പറയുന്ന പാര്‍ട്ടികള്‍ക്ക് കേസില്‍ കക്ഷി ചേരാനും കോടതി അനുമതി നല്‍കി. കേസ് ഇനി ഒക്ടോബര്‍ 18ന് പരിഗണിക്കും.