പ്രസവ വേദനയോടെ എത്തിയിട്ടും ആശുപത്രികള്‍ കയ്യൊഴിഞ്ഞു, 14 മണിക്കൂര്‍ ചികിത്സ തേടി അലഞ്ഞ യുവതിയുടെ ഇരട്ട കുട്ടികള്‍ മരിച്ചു

പ്രസവ വേദനയോടെ 14 മണിക്കൂറുകള്‍ പല ആശുപത്രികള്‍ കയറി ഇറങ്ങി ചികിത്സ തേടി അലഞ്ഞ് ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലപ്പുറം കിഴിശ്ശേരി സ്വദേശിയായ 20കാരിയുടെ ഇരട്ട കുട്ടികള്‍ മരിച്ചു.പ്രസവ വേദന അനുഭവപ്പെട്ട് 14 മണിക്കൂറിന് ഒടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിക്ക് ചികിത്സ ലഭിക്കുന്നത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ശസ്ത്രക്രിയ നടത്തി കുട്ടികളെ പുറത്തെടുക്കുകയായിരുന്നു.എന്നാല്‍ കുട്ടികള്‍ മരണപ്പെട്ടിരുന്നു.കൊവിഡ് ആന്റിജന്‍ പരിശോധനാഫലം അംഗീകരിക്കില്ലെന്നും പിസിആര്‍ ഫലം വേണമെന്നും സ്വകാര്യ ആശുപത്രി നിര്‍ബന്ധം പിടിച്ചതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്.

ഈ മാസം അഞ്ചിന് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.15ന് പരിശോധനാ ഫലം നെഗറ്റീവ് ആയി.ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.എന്നാല്‍ ഇവര്‍ക്ക് ചികിത്സ ലഭ്യമാകുന്നത് വൈകുന്നേരം ആറ് മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും.ചികിത്സ അന്വേഷിച്ച് ഒരു സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ മൂന്ന് ആശുപത്രികളില്‍ എത്തിച്ചെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ല.സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രസവ ചികിത്സയ്ക്കായി കോവിഡ് ആന്റീജന്‍ പരിശോധനാഫലം അംഗീകരിക്കില്ലെനന്നും പിസിആര്‍ ഫലം തന്നെ വേണം എന്നും സ്വകാര്യ ആശുപത്രി നിര്‍ബന്ധം പിടിച്ചു.ഇതോടെ പിസിആര്‍ ടെസ്റ്റ് ലഭിക്കുമോയെന്ന് ആന്വേഷിച്ച് ലാബുകളിലൂടെയും യുവതിയുമായി പോകേണ്ടി വന്നു എന്ന് ഭര്‍ത്താവ് പറഞ്ഞു.ഇരട്ട കുട്ടികള്‍ക്ക് ഗര്‍ഭം ധരിച്ച യുവതി നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നു.കഴിഞ്ഞ 15ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആവുകയും ചെയ്തു.നിശ്ചിത ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കി.പ്രസവ വേദന അനുഭവപ്പെട്ടതോടെ ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് മഞ്ചേരി മെഡിത്തല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് പോസിറ്റീവ് ആയ ഗര്‍ഭിണികള്‍ക്ക് മാത്രമാണ് ചികിത്സ ഉള്ളതെന്നും കോവിഡ് നെഗറ്റീവ് ആയതിനാല്‍ യുവതിയെ ചികിത്സിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി യുവതിയുടെ ഭര്‍ത്താവ് പറയുന്നു.തുടര്‍ന്ന് 9,30ഓടെ ഡിസ്ചാര്‍ജ് ചെയ്തു.എന്നാല്‍ റെഫര്‍ ചെയ്ത രേഖകള്‍ ലഭിച്ചപ്പോള്‍ സമയം 11.30.കോഴിക്കോട് കോട്ടപ്പറമ്പിലെ മാതൃശിശു ആശുപത്രിയിലേക്ക് ആയിരുന്നു റഫര്‍ ചെയ്തത്.അവിടെ എത്തിയപ്പോള്‍ ഒപി സമയം കഴിഞ്ഞിരുന്നു.ഗൈനക് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു.എന്നാല്‍ സമയം കഴിഞ്ഞതിനാല്‍ ഗൈനക് വിഭാഗം ഡോക്ടര്‍ ഇല്ലെന്നും മറ്റെവിടെയെങ്കിലും പോകാനാകുമോ എന്ന് ചോദിച്ചു.തുടര്‍ന്ന് കോഴിക്കോട് ഓമശേരിയില്‍ ഉള്ള സ്വകാര്യ വിളിച്ച് ചോദിച്ചപ്പോള്‍ വരാന്‍ പറഞ്ഞു.

പാതി വഴി എത്തിയപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരികെ ഫോണ്‍ വന്നു, അഡ്മിറ്റ് ചെയ്യണമെങ്കില്‍ കോവിഡ് പിസിആര്‍ ഫലം വേണമെന്നും ആന്റിജന്‍ ടെസ്റ്റ് ഫലം പോരെന്നും ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചു.തുടര്‍ന്ന് പിസിആര്‍ ടെസ്റ്റിനു വേണ്ടി കോഴിക്കോടുള്ള സ്വകാര്യ ലാബില്‍ ഗര്‍ഭിണിയുമായി എത്തി.എന്നാല്‍ ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ വേണമെന്ന് പറഞ്ഞു.പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആര്‍ പരിശോധനാഫലം വരാന്‍ സമയമെടുക്കുമെന്നു പറഞ്ഞതിനാല്‍ വീണ്ടും ആന്റിജന്‍ പരിശോധന നടത്തി.അപ്പോഴും നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് യുവതിയെ സ്‌കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വൈകിട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്.എന്നാല്‍ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.