ആരാധകരെ കണ്ണീരിലാഴ്ത്തി ദീപ്തി ഐപിഎസിന്റെയും സൂരജിന്റെയും വിയോഗം

തിരുവനന്തപുരം: അഞ്ചുവര്‍ഷം നീണ്ട ജനപ്രിയ പരമ്പര, പരസ്പരം 1524 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി അവസാനിച്ചു. സീരിയല്‍ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി നായിക ദീപ്തി ഐപിഎസിന്റെയും ഭര്‍ത്താവ് സൂരജിന്റെയും മരണത്തോടെയാണ് സീരിയലിന് അവസാനമായത്.

ദീപ്തി ഐപിഎസിന്റെ വിയോഗത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ദീപ്തി ഐപിഎസിനും ഭര്‍ത്താവ് സൂരജിനും ആദരാഞ്ജലികള്‍ നിറയുകയാണ്.ക്ഷണനേരം കൊണ്ടാണ് ഈ വിഷയം വൈറലായി മാറിയത്.സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത റോസ് പെറ്റല്‍ നിര്‍മ്മാണം ഒരുക്കിയ സീരിയലില്‍ ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ കഥയാണ് അവതരിപ്പിച്ചിരുന്നത്. കേരളത്തിലെ വീട്ടമ്മമാരെ ടെലിവിഷന്റെ മുന്നില്‍ ആകാംഷയോടെ ഇരുത്തിയ സീരിയലിലെ ദീപ്തി, സൂരജ് എന്നി കഥാപാത്രങ്ങളായിരുന്നു ഏറെ ശ്രദ്ധേയം. ബേക്കറിക്കാരനായ സൂരജിന്റെ ജീവിതത്തിലേക്ക് ദീപ്തി എത്തുന്നതോടെയാണ് പരമ്പര തുടങ്ങിയത്. വിവേക് ഗോപന്‍, ഗായത്രി അരുണ്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഉന്നത വിദ്യാഭ്യാസവും ജോലിയുമായിരുന്നു ദീപ്തിയുടെ ലക്ഷ്യം. മരുമക്കള്‍ പഠിക്കുന്നതിനോടൊ ജോലി ചെയ്യുന്നതിനോടോ താല്‍പര്യമില്ലാതിരുന്നു പഠിപ്പുര വീട്ടിലെ ഗര്‍ജ്ജിക്കുന്ന സിംഹം പത്മാവതിയമ്മയുടെ എതിര്‍പ്പുകളെ മറി കടന്നാണ് സൂരജ് ദീപ്തിയെ പഠിക്കാനയച്ചത്. ഐപിഎസുകാരിയായാണ് ദീപ്തി തിരിച്ചെത്തിയത്. തള്ളിക്കളഞ്ഞവര്‍ പോലും പിന്നീട് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു ഇവരെ. പരസ്പര പൂരകങ്ങളായി ജീവിച്ചിരുന്ന ദമ്പതികള്‍ മരണത്തിലും ഒരുമിച്ചായിരുന്നു.

സൂരജ് ദീപ്തിയെ പഠിപ്പിക്കുന്നതും തുടര്‍ന്ന് ദീപ്തി ഐപിഎസുകാരിയാകുന്നതുമെല്ലാം പ്രേക്ഷകരെ കോരിത്തരിപ്പിച്ച എപ്പിസോഡുകളായിരുന്നു. തന്റെ ജോലിയിലെ കൃത്യനിര്‍വഹണവും കുടുംബത്തോടുള്ള കൂറുമായിരുന്നു ദീപ്തിയെന്ന കഥാപാത്രത്തെ ഏറെ ശ്രദ്ദേയമാക്കിയത്. മലയാളത്തിലെ മറ്റൊരു സീരിയലിനും ലഭിക്കാത്ത സ്വീകാര്യതയാണ് ഈ സീരിയലിന് ലഭിച്ചിരുന്നത്. സീരിയല്‍ തുടങ്ങി ഏകദേശം അഞ്ച് വര്‍ഷം പിന്നിട്ട ശേഷമാണ് നിര്‍ണായ ക്ലൈമാക്‌സോടെ സീരിയലിന്റെ പര്യവസാനം.

സീരിയല്‍ അവസാനിക്കുന്നത് മുന്‍കൂട്ടി പ്രഖ്യാപിച്ച് തന്നെ ആദ്യഘട്ടത്തില്‍ ഏഷ്യാനെറ്റില്‍ പ്രമോ വീഡിയോ വന്നിരുന്നു. ഇതില്‍ സൂരജിനെ തീവ്രവാദികള്‍ ആക്രമിക്കുന്നതും ഇവരുടെ മകനെ തീവ്രവാദികള്‍ ബന്ധിയാക്കുന്നതുമെല്ലാം അവസാന എപ്പിസോഡില്‍ കാഴ്ചവെച്ചിരുന്നു. സീരിയലിന്റെ അവസാന എപ്പിസോഡായിരുന്ന ഇന്നലത്തെ എപ്പിസോഡായിരുന്നു ഏറെ നിര്‍ണ്ണായകം. തീവ്രവാദികള്‍ ബന്ദികളാക്കിയ കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി ദീപ്തിയും ഭര്‍ത്താവ് സൂരജും തീവ്രവാദി ക്യാമ്പിലെത്തുകയായിരുന്നു.ഇവിടെ വെച്ച് തീവ്രവാദികള്‍ ഇവര്‍ക്ക് ബോംബ് ക്യാപ്‌സൂള്‍ രൂപത്തില്‍ നല്‍കി കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തീവ്രവാദികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയ ദീപ്തിയും സൂരജും ഒടുവില്‍ ഗുളിക കഴിക്കുകയും ചെയ്തു. ഗുളിക ബോംബ് നിര്‍വീര്യമാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാരും വിധി പറഞ്ഞതോടെ ഇവര്‍ വീട്ടുകാര്‍ക്ക് അവസാന യാത്ര നല്‍കി മരണത്തിലേക്ക് നടന്ന് അടുക്കുകയായിരുന്നു.

മനുഷ്യബോബ് സെറ്റ് ചെയ്ത് 30 മിനിട്ടിനകം പൊട്ടിത്തെറിക്കുമെന്ന് അറിയിച്ചത്. ക്ലൈമാക്‌സ് രംഗത്തില്‍ നഗരമധ്യത്തിലൂടെ ഇറങ്ങി ഓടി ഇവര്‍ മരണത്തിലേക്ക് ഓടി അടുക്കുന്നതായാണ്. ജീവിതത്തിലെന്ന പോലെ മരണത്തിലും ഒന്നായി തീരണം എന്ന് സൂരജിനോടായി പറഞ്ഞ് ദീപ്തിയും സൂരജും പുഴയിലേക്ക് ചാടിയതും ബോംബ് പൊട്ടിത്തെറിച്ച് ഇരുവരും മരിക്കുകയാണ്.