പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റർനാഷനൽ കാൻസർ സെന്ററിന് ഇനി നന്ദനയുടെ പേര്‌ ; സങ്കടം കരഞ്ഞു തീർത്ത് പ്രിയ ഗായിക

ചെന്നൈ: മകളേ…നീ സ്വർഗ്ഗത്തിലെ പൂന്തോട്ടത്തിൽ സന്തോഷവതിയായിരിക്കൂ…. പൊന്നുമോളുടെ പിറന്നാൾ ദിനത്തിൽ ഇന്നും ചിത്ര മകളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാറുണ്ട്. അനുഭവം ഓർമ യാത്രയെന്ന പുസ്തകത്തിലും മകളുടെ വേർപാടിന്റെ ദുഃഖത്തെ കുറിച്ച് എഴുതി. ഈ ഓർമകളാണ് അശരണരുടെ കണ്ണീരൊപ്പുമ്പോൾ ചിത്രയ്ക്ക് കരുത്താകുന്നത്. മകളുടെ ഓർമ്മയിൽ സ്‌നേഹ നന്ദന ട്രസ്റ്റും ഉണ്ടാക്കി. ഇത് വഴിയും നിരാലംബർക്ക് താങ്ങും തണലുമാകുന്നുണ്ട് പ്രിയ ഗായിക.

2011 ഏപ്രിൽ 14ന് ഒരു വിഷുദിനത്തിലാണ് ചിത്രയ്ക്ക് മകളെ നഷ്ടപ്പെട്ടത്. ദുബായിൽ വച്ച് ഒരു നീന്തൽ കുളത്തിൽ വീണു മരിക്കുമ്പോൾ ഒമ്പതു വയസായിരുന്നു നന്ദനയ്ക്ക്. മകളുടെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരാൻ ചിത്ര ഏറെ നാളെടുത്തു. ഇനി പാടാനില്ലെന്നു വരെ ചിത്ര പറഞ്ഞു. പിന്നീട് പതിയെ ജീവിതത്തിലേക്ക്, സംഗീത ലോകത്തേക്ക് ചിത്ര തിരിച്ചെത്തി. മകളുടെ ഓർമ്മകൾ നൽകുന്ന ഊർജമാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ചിത്ര പലപ്പോഴും പറഞ്ഞിട്ടുണ്ട്.

മലയാളിയുടെ പ്രിയ ഗായിക കെ എസ് ചിത്രയുടെ മകളാണ് നന്ദന. ചിത്രയുടെ ഏകമകൾ നന്ദന എട്ടാം വയസ്സിൽ അപകടത്തിലാണ് ഈ ലോകത്തോടു വിട പറഞ്ഞത്. പരുമലയിലെ ആശുപത്രിക്കായി ഏറെ കാര്യങ്ങൾ മലയാളിയുടെ വാനംമ്പാടിയായ ചിത്ര ചെയ്തിരുന്നു. ഇതെല്ലാം ഉൾക്കൊണ് പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റർനാഷനൽ കാൻസർ സെന്റർ പുതിയ വാർഡുകളിലൊന്നിനു ഇനി നന്ദനയുടെ പേര്. ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് ഈ പ്രഖ്യാപനം നടത്തിയത്.

പതിനഞ്ച് വർഷത്തോളം കുട്ടികളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ശേഷമാണ് നന്ദന ജനിച്ചത്. സായിബാബ ഭക്തയായ ചിത്രയുടെ മകൾക്ക് നന്ദനയെന്ന് പേര് നൽകിയത് സത്യസായി ബാബയായിരുന്നു. ഷാർജയിൽ എആർ റഹ്മാൻ അവതരിപ്പിക്കുന്ന സംഗീതനിശയിൽ പങ്കെടുക്കാനായിരുന്നു ചിത്രയും മകളോടൊപ്പം ദുബയിലെത്തിയത്. രാവിലെ സംഗീതനിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്ന വേളയിലാണ് ദുരന്തമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നീന്തൽകുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ജബേൽ അലിയിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇത് ചിത്രയ്ക്ക് താങ്ങാനാവാത്ത ദുഃഖമായിരുന്നു നൽകിയത്. ഇത് മറികടന്നത് കാൻസർ രോഗ പരിചരണവും മറ്റുമായാണ്. കാൻസർ രോഗികൾക്ക് ആവുന്നതെല്ലാം മലയാളത്തിന്റെ വാനംമ്പാടി ചെയ്തു. തന്റെ അച്ചനും അമ്മയും കാൻസർ ബാധിതരായാണു മരിച്ചതെന്ന ഓർമ്മയും ചിത്രയെ ഇതിന് പ്രേരിപ്പിച്ച ഘടകമാണ്.

പരുമലയിൽ ഇന്റർനാഷനൽ കാൻസർ സെന്റർ 2016ൽ ആണ് ആരംഭിച്ചത്. പദ്ധതിയെക്കുറിച്ചറിഞ്ഞപ്പോൾ ചിത്ര കയ്യിലെ സ്വർണമോതിരം ഊരി നൽകുകയായിരുന്നു. ധനസമാഹരണത്തിനായി ഗാനമേളയും നടത്തി. ആശുപത്രിയെക്കുറിച്ചു ചിത്ര ഫേസ്‌ബുക്കിൽ കുറിച്ചതു ശ്രദ്ധയിൽപ്പെട്ട ബെംഗളൂരുവിലെ ആരാധകരും ആവഡി സ്വദേശി ഗണേശ് ബാബുവും നല്ല സംഭാവനകളും നൽകി. ഈ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായിരുന്നു കാതോലിക്കാ ബാവ ചിത്രയെ കാണാനെത്തിയത്. അപ്പോഴാണ് മകളുടെ പേര് സെന്ററിലെ ഒരു വാർഡിന് നൽകുമെന്ന് പ്രഖ്യാപിച്ചത്.