പശ്ചിമബംഗാളില്‍ സംഘര്‍ഷം തുടരുന്നു, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ്

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടതത്തി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റി. പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി നടന്ന് കൊണ്ടിരിക്കുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി മാര്‍ച്ച്.

പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിനായി കണ്ണീര്‍വാതകവും പൊലീസ് പ്രയോഗിച്ചു. കൊല്‍ക്കത്തയിലെ ലാല്‍ബസാറിന് മുന്നില്‍ വെച്ചാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്, എംപി അര്‍ജുന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ബംഗാളില്‍ സംഘര്‍ഷം തുടരുകയാണ്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിതാഷായുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.