പ്രതാപ് പോത്തന് പ്രണയമായിരുന്നു രാധികയോട്..ആദ്യ പ്രണയിനി ഹൃദയ സൂചികയിൽ തുന്നിച്ചേർത്ത പ്രണയമായിരുന്നു.

മികച്ച നടനും സംവിധായകനുമൊക്കെയായി നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രതാപ് പോത്തൻ സ്വന്തം വിവാഹജീവിതത്തിൽ പരാജയത്തിന്റെ കയർപ്പാണ് അനുഭവിച്ചിരുന്നത്. രണ്ടു വട്ട പരീക്ഷണവും പരാജയപ്പെട്ടതിൽ പിന്നെ ‘വിവാഹം വെറുമൊരു അഡ്ജസ്റ്റ്മെന്റ് മാത്രമാണ്’ എന്നാണ് പ്രതാപ് പോത്തൻ പറയാറുണ്ടായി രുന്നത്. ആ അഡ്ജസ്റ്റ്മെന്റിൽ സ്നേഹവും പ്രണയവുമില്ലെന്നും, ‘ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്ന ഒരു ബോറാണ്’ എന്നും പ്രതാപ് പോത്തൻ പറഞ്ഞിരുന്നു.

ഒന്നിക്കുവാനുള്ള പരീക്ഷണങ്ങളിലൊക്കെ പ്രതാപ് പോത്തന്റെ ബന്ധങ്ങൾ പരാജയപ്പെടുകയായിരുന്നു. ഒന്നാകാത്ത ബന്ധത്തിന്റെ തകർച്ചകളായിരുന്നു അവ. പ്രതാപ് പോത്തന് രാധികയോട് പ്രണയമായിരുന്നു. അമല സത്യനാഥുമായി വിവാഹം കഴിഞ്ഞുള്ള ജീവിതത്തിനിടയിലും പ്രതാപ് പോത്തന്റെ പ്രണയം രാധികയോടായിരുന്നു എന്ന് വേണം പറയാൻ. രാധിക ജീവിതത്തിൽ നിന്ന് മടങ്ങുകയും ശരത് കുമാറിനെ വിവാഹം ചെയ്യുകയുമായിരുന്നു എങ്കിലും ആദ്യ പ്രണയിനി പ്രതാപ് പോത്തന്റെ ഹൃദയ സൂചികയിൽ തുന്നിച്ചേർത്ത പ്രണയമായിരുന്നു.

നടി രാധികയെയാണ് പ്രതാപ് പോത്തൻ ആദ്യം വിവാഹം കഴിക്കുന്നത്. വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ നടത്തിയ പ്രണയ വിവാഹമായിരുന്നു അത്. രണ്ടു വർഷകാലം മാത്രമാണ് അത് നീണ്ടുനിന്നത്. വിവാഹമോചനത്തിന് രണ്ടുപേരും കാരണക്കാരാണെന്നും പ്രതാപ് പോത്തൻ പറഞ്ഞിരുന്നു.

“എനിക്ക് പ്രണയമായിരുന്നു രാധികയോട്. വിവാഹം കഴിക്കാമെന്ന് രണ്ടാളും ഒരുമിച്ച് തീരുമാനിച്ചു. ഞാനത് എല്ലാവരേയും അറിയിച്ചു. വീട്ടുകാർ സഹകരിച്ചില്ല. ഞാനൊരു തെറ്റാണ് ചെയ്‌തതെന്ന് അവർ എന്നെ കുറ്റപ്പെടുത്തി. രാധികയുടെ ആൾക്കാരും സഹകരിച്ചില്ല. ഞങ്ങൾ ഒറ്റയ്‌ക്ക് മുന്നോട്ടു പോയി. ഞങ്ങൾക്ക് കുട്ടികളുണ്ടായില്ല. രണ്ടു വർഷം ഒന്നിച്ചു കഴിഞ്ഞു. പിന്നീട് ബന്ധം ഡ്രൈ ആയി. പ്രശ്നങ്ങളായി. ഒടുവിൽ വേർപിരിഞ്ഞു. ആ ബന്ധം തകർന്നതിൽ ഞങ്ങൾ രണ്ടുപേരും കുറ്റക്കാരാണ്. നിങ്ങൾക്കൊരാളെ മാത്രമായി കുറ്റപ്പെടുത്താനാകില്ല,” പ്രതാപ് പോത്തൻ പറഞ്ഞിരുന്നു.

പ്രതാപ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിൽ രാധിക നായികയായിരുന്നു. ചിത്രത്തിന്റെ നിർമാണ സമയത്തായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. 1985ൽ വിവാഹിതരായ ഇവർ 1986ൽ വിവാഹമോചിതരാവുകയായിരുന്നു. അതിനു ശേഷം നടൻ ശരത് കുമാറിനെയാണ് രാധിക വിവാഹം ചെയ്യുന്നത്. പ്രതാപും മറ്റൊരു വിവാഹം കഴിച്ചു. 1990ൽ അമല സത്യനാഥുമായി വിവാഹം കഴിച്ചെങ്കിലും 22 വർഷത്തെ ദാമ്പത്യം 2012 ൽ അവസാനിപ്പിക്കുകയും ഉണ്ടായി.

“രണ്ടു വ്യത്യസ്‌ത വ്യക്‌തികൾ ഒന്നിക്കുന്നു. പക്ഷേ പലപ്പോഴും അവർ ഒന്നിക്കുകയല്ല. ഒന്നാകാത്തിടത്തോളം ആ ബന്ധം തകരുകയല്ലാതെ മറ്റ് മാർഗ്ഗമില്ലല്ലോ. ഒന്നിക്കുവാനുള്ള പരീക്ഷണങ്ങളായിരുന്നു എന്റെ ബന്ധങ്ങൾ എല്ലാം. അതിലൊക്കെ പരാജയപ്പെടുകയും ചെയ്‌തു,” എന്നായിരുന്നു വിവാഹപരാജയത്തെക്കുറിച്ച് പ്രതാപ് പോത്തൻ പറഞ്ഞിരുന്നത്. മരണശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പങ്കുവച്ച ഓർമകളിലും പ്രതാപ് പോത്തന്റെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് പറയുന്നു.