ഏകനാഥ് ഷിൻഡെ താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവ്, അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ഏകനാഥ് ഷിൻഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിൻഡെക്ക് അഭിനന്ദനങ്ങൾ. താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവ്. രാഷ്‌ട്രീയ, നിയമനിർമ്മാണ, ഭരണ രംഗത്ത് മികച്ച പരിജ്ഞാനം ഉള്ള വ്യക്തി. മഹാരാഷ്‌ട്രയെ ഉയരങ്ങളിൽ എത്തിക്കാൻ ഷിൻഡെയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷ, ഓരോ ബിജെപി കാര്യകർത്താക്കൾക്കും പ്രചോദനമാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് മഹാരാഷ്‌ട്രയിലെ സർക്കാരിന് അമൂല്യ സ്വത്തായിരിക്കും. മഹാരാഷ്‌ട്രയെ അദ്ദേഹം ഉയർച്ചയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്

അതേ സമയം രണ്ടാഴ്ചത്തോളം നീണ്ട മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ അപ്രതീക്ഷിതമായിട്ടാണ് ഷിന്ദേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. വിമത എംഎൽഎമാർക്കൊപ്പം ഗോവയിലായിരുന്ന ഷിന്ദേ, ഫഡ്‌നവിസിനൊപ്പം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മുംബൈയിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചത്. ഫഡ്‌നാവിസ് മുഖ്യമന്ത്രിയും ഷിന്ദേ ഉപമുഖ്യമന്ത്രിയും ആകുമെന്നായിരുന്നു കരുതിയിരുന്നത്.

എന്നാൽ ഗവർണറെ കണ്ട ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഫഡ്‌നാവിസ് ഷിന്ദേ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മന്ത്രിസഭാ വിപുലീകരണം അടുത്ത ദിവസങ്ങളിൽ തന്നെ നടക്കും. താൻ സർക്കാരിന്റെ ഭാഗമാകില്ലെന്ന് ഫഡ്‌നാവിസ് ആദ്യം അറിയിച്ചെങ്കിലും ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.