പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ നേരിടാന്‍ ജെയ്ക് സി തോമസ് തന്നെയെന്ന് സിപിഎം ജില്ലാ നേതൃത്വം, അവസാന തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത്

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ ജെയ്ക് സി തോമസ് തന്നെ മല്‍സരിച്ചേക്കും. ജെയ്കിന്റെ പേര് മാത്രമാണ് ജില്ലാ നേതൃത്വം പറഞ്ഞത്. സംസ്ഥാന കമ്മിറ്റി ഇതംഗീകരിച്ചാല്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ജെയ്ക് സി തോമസ് തന്നെയാകും രംഗത്തിറങ്ങുക. ഒന്നിലധികം പേരുകള്‍ ചര്‍ച്ച ചെയ്തുവെങ്കിലും ജെയ്ക് മല്‍സരിക്കുന്നതാണ് ഗുണം ചെയ്യുക എന്നാണ് സിപിഎം ജില്ലാ നേതാക്കളുടെ വികാരം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സിപിഎം മല്‍സരിപ്പിച്ചത് ജെയ്ക് സി തോമസിനെ ആയിരുന്നു. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ അന്ന് ജെയ്കിന് സാധിച്ചു എന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. ഉമ്മന്‍ ചാണ്ടിക്ക് ശേഷം മകന്‍ ചാണ്ടി ഉമ്മന്‍ മല്‍സരിക്കുമ്പോഴും സിപിഎം മറ്റൊരു പേര് നിര്‍ദേശിക്കുന്നില്ലെന്നാണ് വിവരം.

സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ആരാകണം എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തും. ഒരുപക്ഷേ, വെള്ളിയാഴ്ച തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കും. ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേരത്തെ നേതാക്കള്‍ അറിയിച്ചിരുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ ചിത്രം തെളിയും.

കോണ്‍ഗ്രസില്‍ അസംതൃപ്തിയുള്ള വ്യക്തിയെ മല്‍സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നു എന്ന അഭ്യൂഹമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തംഗം നിബു ജോണിന്റെ പേരാണ് ഉയര്‍ന്നു കേട്ടത്. എന്നാല്‍ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. സിപിഎമ്മിന് സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ധൈര്യമില്ലാത്തതിനാലാണ് മറ്റുള്ളവരെ തേടുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുകയും ചെയ്തു.

53 വര്‍ഷം ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. ഇത്രയും കാലം ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുവെന്ന റെക്കോര്‍ഡും ഉമ്മന്‍ ചാണ്ടിയുടെ പേരിലായിരുന്നു. 27ാം വയസില്‍ നേടിയ ആദ്യ ജയത്തിന് ശേഷം മരണം വരെ അദ്ദേഹം പുതുപ്പള്ളി എംഎല്‍എയായി. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതില്‍ ആറും ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്. മണ്ഡലത്തില്‍ മൊത്തമുള്ള 140 വാര്‍ഡുകളില്‍ 69 എല്‍ഡിഎഫിനും 59 യുഡിഎഫിനും 10 എണ്ണം ബിജെപിക്കും രണ്ടെണ്ണം സ്വതന്ത്രര്‍ക്കുമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ കണക്ക് പരിശോധിക്കുമ്പോള്‍ മേല്‍ക്കൈ ഇടതുപക്ഷത്തിനാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ സ്വീകരിച്ച ജനങ്ങള്‍ മകനെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2016ല്‍ 30000ത്തിലധികം വോട്ടിനാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് ജയിച്ചത്. 2021ല്‍ മല്‍സരം കടുക്കുകയും ഭൂരിപക്ഷം 9000 ആയി കുറയുകയും ചെയ്തു. ഈ കണക്കെല്ലാം നിരത്തി ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ഇടതുക്യാമ്പ്. ബിജെപിയുടെ പിന്തുണയോടെയാണ് ഉമ്മന്‍ ചാണ്ടി ഒടുവില്‍ ജയിച്ചത് എന്ന ആരോപണവും സിപിഎം നേതൃത്വം ഉന്നയിക്കുന്നു.