ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി ആർ.ജെ. മാത്തുക്കുട്ടിയും ഭാര്യയും

നടനും സംവിധായകനും അവതാരകനുമായ മുൻ ആർ.ജെ.യുമായ മാത്തുക്കുട്ടിയും ഭാര്യയും ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ. പോയവർഷം അവസാനത്തോടെ കുഞ്ഞിന്റെ ജൻഡർ റിവീൽ വീഡിയോ ദമ്പതികൾ പോസ്റ്റ് ചെയ്തിരുന്നു. 2023ലായിരുന്നു മാത്തുകുട്ടിയുടെയും ഡോ. എലിസബത്തിന്റെയും വിവാഹം. ഏപ്രിൽ മാസത്തിൽ കുഞ്ഞ് പിറക്കും എന്നും മാത്തുക്കുട്ടി അറിയിച്ചിട്ടുണ്ട്

വിദേശ രാജ്യത്തെവിടെയോ വച്ച് ഭാര്യക്കൊപ്പം പോസ് ചെയ്യുന്ന രണ്ടു ചിത്രങ്ങൾ മാത്തുക്കുട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒട്ടേറെപ്പേർ ദമ്പതികൾക്ക് ആശംസയുമായി കമന്റ്റ് സെക്ഷനിൽ എത്തിച്ചേർന്നു. വിവാഹത്തിന്റെ ഒന്നാം വാർഷികത്തിൽ ഒരു മകൻ അല്ലെങ്കിൽ മകൾ മാത്തുവിനും എലിസബത്തിനും ഒപ്പമുണ്ടാകും. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മാത്തുക്കുട്ടിയുടെ ജന്മദിനത്തിൽ എലിസബത്ത് ഒരു നെടുനീളൻ ഇൻസ്റ്റഗ്രാം കുറിപ്പിൽ ജന്മദിനം ആശംസിച്ചിരുന്നു

മാത്തുക്കുട്ടിയും എലിസബത്തും വളരെ അടുത്ത് താമസിക്കുന്ന ഒരേ നാട്ടുകാരാണ് എന്നതായിരുന്നു പിറന്നാൾ ആശംസയിലെ പ്രധാന പോയിന്റ്. വിവാഹം അന്വേഷിക്കുന്ന നാളുകളിൽ ‘വെങ്ങോല പഞ്ചായത്തിലെ 23 ആം വാർഡിന്റെ വോട്ടേഴ്‌സ് ലിസ്റ്റോ ശാലേം പള്ളിയിലെ പെരുന്നാൾ ഏറ്റുകഴിച്ച ഇടവകക്കാരുടെ ലിസ്റ്റോ എടുത്ത് നോക്കിയാമതിയായിരുന്നു’ എന്ന് എലിസബത്തിന്റെ വാക്കുകൾ

പെരുമ്പാവൂരുകാരനായ അരുൺ മാത്യു മാത്തുക്കുട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്. 2012ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് മാത്തുക്കുട്ടി സിനിമയിലെത്തുന്നത്. തുടർന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.

കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെൽദോ എന്ന ചിത്രം കഥ,തിരക്കഥ, സംഭാഷണം രചിച്ച്‌ സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ കോഴിബിരിയാണി, കുളിസീൻ… എന്നിങ്ങനെ അഞ്ച് ഷോർട്ട് ഫിലിമുകളിലും മാത്തുക്കുട്ടി അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ടെലിവിഷൻ ഷോകളുടെയും അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.