കോവിഡിന് എതിരെ ജാഗ്രത കുറയ്ക്കരുതെന്ന് യുഎഇ

അബുദാബി∙ റമസാനിൽ കോവിഡിന് എതിരെ ജാഗ്രത കുറയ്ക്കരുതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു . ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ തുടർന്നും പാലിക്കണം.പ്രതിദിന കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞു എന്നതിനർഥം സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താമെന്നല്ലെന്ന് ആരോഗ്യ മേഖല ഔദ്യോഗികമായി പറഞ്ഞു. കോവി‍ഡ് പൂർണമായും ഒഴിവായിട്ടില്ല.

അടച്ചിട്ട മുറികളിൽ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. തിരക്കുള്ള സ്ഥലങ്ങളിൽനിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു. യുഎഇയിൽ മാത്രമല്ല, ലോക രാജ്യങ്ങളും കോവിഡ് നിയമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്.

എങ്കിലും കോവിഡ് വ്യാപനം കൂടാതിരിക്കാൻ ആരോഗ്യസുരക്ഷാ നടപടികൾ തുടരണമെന്നും സൂചിപ്പിച്ചു. റമസാനിൽ ശ്വാസകോശ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധിച്ച് കോവിഡില്ലെന്ന് ഉറപ്പാക്കണം. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പാകുംവരെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതും പള്ളിയിൽ പോകുന്നതും ഒഴിവാക്കണം.