‘എനിക്ക് എന്റെ വീട്ടില്‍ എത്തണം, ഒരേ ഒരു മകനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങണം’

കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണ് ലോകം മുഴുവന്‍. വൈറസ് വ്യാപനം തടയാനായി രാജ്യം ഏപ്രില്‍ 14 വരെ ലോക്ക് ഡൗണിലാണ്. പ്രവാസികളും കരുതലിലും ജാഗ്രതയിലുമാണ്. നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്താന്‍ കൊതിക്കുന്നവരാണ് അവര്‍. ദുബായില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി സംഗീത രാമുവും പങ്കുവെയ്ക്കുന്നത് തന്റെ ആശങ്കകള്‍ തന്നെയാണ്. ഒരു പ്രമുഖ മാധ്യമത്തിലാണ് സംഗീത എല്ലാം ശരിയാകുമെന്ന് തന്നെയുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചത്.

” ഈ കാലത്തിനൊടുവില്‍ എനിക്കെന്റെ നാട്ടിലെത്തണം, ഒരേയൊരു മകനെ കെട്ടിപ്പിടിച്ചുറങ്ങണം. കുടുംബത്തോടൊപ്പം ഓണമുണ്ണണം. സൗഹൃദങ്ങളില്‍ വീണ്ടും ആഹ്ലാദം കണ്ടെത്തണം. തിരിച്ച് ദുബായിലേക്കുതന്നെ മടങ്ങിയെത്തി ജീവിതം വീണ്ടും പച്ചപിടിപ്പിച്ചേ മതിയാകൂ. പ്രതീക്ഷയേറെയാണ്. മുഖാവരണം ധരിക്കണം, കൈകള്‍ എപ്പോഴും ശുചിയായിരിക്കണം. ഇതാണ് കോവിഡ് കാലം പഠിപ്പിച്ച പുതിയ പാഠങ്ങള്‍. ഞാന്‍ ഉറക്കമുണര്‍ന്ന് മാത്രമായിരിക്കണം സൂര്യോദയം എന്ന ശീലമെല്ലാം മാറി. ഇപ്പോള്‍ പുതിയ ശീലങ്ങള്‍, പുതിയ ജീവിതമുറകള്‍.

ഒരേയൊരു മകനെ ഭര്‍ത്താവിന് അരികിലാക്കി ജീവിതമൊന്ന് പച്ചപിടിപ്പിക്കാനാണ് ദുബായിലേക്ക് വണ്ടികയറിയത്. സെയില്‍സ് എക്‌സിക്യൂട്ടീവ് എന്ന ജോലി വളരെ സന്തോഷത്തോടെ ഏറ്റെടുത്തു. ചുറ്റും ലോകത്തെ വിവിധ കോണുകളില്‍നിന്നുള്ള സൗഹൃദങ്ങള്‍ പന്തലിച്ചുനിന്നു. നാടുവിട്ടുള്ള നോവ് അറിയാതെ ഒരു വര്‍ഷത്തോളം. പക്ഷേ ഇപ്പോള്‍ ചെറിയൊരു ഭയംകൂടി കൂട്ടിനുണ്ട്. കോവിഡ് എന്ന ഭയം.

ജനുവരിയില്‍ തന്നെ മനസ്സിനെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയതാണ് കോവിഡ്. ഫെബ്രുവരിയോടെ ഗള്‍ഫ് നാടുകളിലും പരന്നുതുടങ്ങിയെന്ന് ചൈന, ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സഹപ്രവര്‍ത്തകരില്‍നിന്നു തന്നെ അറിഞ്ഞുതുടങ്ങി. ഫെബ്രുവരി അവസാനത്തോടെ കമ്പനിയുടെ ഉത്തരവ് വന്നു. മുഖാവരണം ധരിക്കണം, കൈയുറകള്‍ ധരിക്കണം തുടങ്ങി കര്‍ശന നിബന്ധനകള്‍. കൊറോണ ലോകത്താകെ പടര്‍ന്നുകയറിയതായി മാര്‍ച്ച് മധ്യത്തോടെ ബോധ്യമായി. യു.എ.ഇയും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ആധി കൂടിയത്.

വര്‍ക്ക് ഫ്രെം ഹോം ആയതോടെ സ്വയം സുരക്ഷയേക്കാള്‍ നാട്ടിലുള്ള മകനെയും കുടുംബത്തെയും ഓര്‍ത്തുള്ള ആശങ്കകളായി. ദുബായിയെക്കുറിച്ച്, നാടിനെക്കുറിച്ച്, ലോകത്തെക്കുറിച്ചുള്ള ഉത്കണ്ഠ. ഏറെ ദിവസം ഉറക്കം നഷ്ടപ്പെട്ടു. വര്‍ക്ക് ഫ്രെം ഹോം ആയിരുന്നെങ്കിലും ഇടക്ക് ഓഫീസിലേക്ക് പോകേണ്ടിവരുന്ന അവസ്ഥയുണ്ടായിരുന്നു. മുന്‍കരുതലുകളോടെ തന്നെ ജോലിസംബന്ധമായി ആളുകളുമായി ഇടപെടേണ്ടിവന്നു.

സ്വന്തം നാട്ടിലാകെ വൈറസ് പരന്നുവെന്ന് ഫിലിപ്പീന്‍സ് സ്വദേശിയായ സഹപ്രവര്‍ത്തകന്‍ ഭയപ്പാടോടെ എനിക്കരികിലെത്തി പറഞ്ഞപ്പോള്‍, അവനിലും എന്നിലുമെല്ലാം വല്ലാത്തൊരു ഭാവമായിരുന്നു ആ ദിവസം. എല്ലാവരില്‍നിന്ന് കൃത്യമായൊരു അകലം പാലിക്കാന്‍ പഠിച്ചു. ഷെയ്ക്ക് ഹാന്‍ഡ് മറന്നു. സാനിറ്റൈസര്‍ കൂടുതല്‍ കരുതി. ഒരിക്കല്‍ ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നനേരം മെട്രോയില്‍ കയറി നാട്ടിലേക്ക് വിളിച്ചു. ആള്‍തിരക്കില്ലാത്ത മെട്രോ യാത്ര കണ്ട് വീട്ടുകാര്‍ ഭയപ്പെട്ടു. മകനെ ലൈവില്‍ കണ്ട് ”കരുതലെടുക്കണം, സൂക്ഷിക്കണം” എന്നീ രണ്ട് വാക്കുകള്‍ പറയുമ്പോള്‍ മാത്രമായിരുന്നു ആശ്വാസം.

മെട്രോയിലും മറ്റും കയറി പോകേണ്ടി വന്നിരുന്നപ്പോഴെല്ലാം നാട്ടില്‍നിന്ന് ഭയപ്പാടോടെ നിര്‍ദേശങ്ങള്‍ വന്നു. ഞങ്ങളുടെ നാട്ടുവര്‍ത്തമാനങ്ങളിലെല്ലാം കൊറോണ നിറഞ്ഞു. ഈ അവസ്ഥയെ തരണം ചെയ്യാന്‍ കഴിയണേ എന്ന പ്രാര്‍ഥന മാത്രമാണ് ഉള്ളുനിറയെ. ശുഭസൂചകമായ ഒരു കാഴ്ചയിലൂടെ അല്ലാതെ ദുബായിയെ എനിക്ക് സങ്കല്പിക്കാനാവുന്നില്ല.” സംഗീത പറയുന്നു.