ശ്രീകലക്ക് കെട്ടിപിടിച്ചു ഉമ്മ കൊടുത്തപ്പോൾ നെഞ്ച് വിങ്ങി, ഹൃദയം തൊടുന്ന കുറിപ്പുമായി സീമ ജി നായർ

കാൻസറിനോട് പടപൊരുതിയിരുന്ന ശ്രീകല എന്ന യുവതിയുടെ വേർപാടിന്റെ വേദന പങ്കിട്ട് നടി സീമ ജി നായർ. നടി എന്നതിലുപരി ഒരു സോഷ്യൽ വർക്കർ എന്ന നിലയിലും സീമ സജീവമാണ്. അർബുദത്തോട് പൊരുതി വിടവാങ്ങിയ നന്ദു മഹാദേവയും ശരണ്യ ശശിയുമെല്ലാം സീമയ്ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ശ്രീകലയെക്കുറിച്ച് സീമ ജി നയാർ പങ്കിട്ട കുറിപ്പിങ്ങനെ

ശ്രീകല യാത്രയായി.. വേദനകൾ ഇല്ലാത്ത ലോകത്തേക്ക്.. ഡിസംബർ 28 നാണ് നന്ദുട്ടന്റെ (നന്ദു മഹാദേവ) അമ്മ വിളിച്ചിട്ട് ശ്രീകലയെ ശാസ്താംകോട്ടയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, സീമയെ കാണാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞത്.. വർക്കലയിലും കരുനാഗപ്പള്ളയിലും രണ്ട്‌ പ്രേഗ്രാം ഏറ്റിരുന്നു.. എന്നിട്ടും കലയെ കാണാൻ ഓടി ചെന്നു.. ചെന്ന വഴി കെട്ടിപിടിച്ചു ഒരുമ്മ തരുമൊ എന്നയിരുന്നു ചോദ്യം.. കെട്ടിപിടിച്ചു ഉമ്മ കൊടുത്തപ്പോൾ നെഞ്ച് വിങ്ങി.. പിന്നെ എന്റെ മൂക്കിലെ മുക്കുത്തിയുടെ കാര്യം ചോദിച്ചു എന്നിട്ടു എന്നോട് പറഞ്ഞു വെള്ള കല്ലിന്റെ ഒരു ചെറിയ മൂക്കുത്തി വേണമെന്ന്..

തീർച്ചയായും അതും മേടിച്ചോണ്ടു ചെല്ലാമെന്നു വാക്കും കൊടുത്തു.. ആ മൂക്കുത്തി വാങ്ങാതെ അവൾ പോയി വേദന ഇല്ലാത്ത ലോകത്തേക്ക്.. തിരിച്ചു ജീവിതത്തിലെക്കു വരും എന്ന് എനിക്കുറപ്പു നൽകിയതാണ്.. ജനുവരി 15 ലോക പാലിയേറ്റീവ് ദിനം.. ആ ദിനത്തിൽ തന്നെ.. അനുഭവിച്ച വേദനകളൊക്കെ മതി, ഇനി ആരുടേയും സാന്ത്വന പരിചരണം നിനക്ക് വേണ്ട എന്ന് തീരുമാനിച്ചതാണോ ?? വിട, പ്രിയ സഹോദരി, വിട