ന്നാ പിന്നെ കമ്മികള്‍ കേസ് കൊടുക്കട്ടെ; ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി പാര്‍ട്ടി ക്ലാസ്സുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍ nna than case kodu, shafi parambil

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിനെ തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ‘ന്നാ പിന്നെ കമ്മികള് കേസ് കൊടുക്കട്ടെ.. കേസ് കൊടുത്ത ശേഷം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി പാര്‍ട്ടി ക്ലാസ്സുമുണ്ടാവും’ എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.‘സിനിമയുടെ പരസ്യം ഇഷ്ടപ്പെട്ടില്ലേ ന്നാ താന്‍ കേസ് കൊട്’ എന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദിഖും പ്രതികരിച്ചു. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തിയതിന് ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്സിസ്റ്റ് വെട്ടുകിളികള്‍ എന്ന് വി ടി ബല്‍റാമും ഫെയ്സ്ബുക്കില്‍ കുറിച്ചു. സിനിമക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രൂക്ഷമായി വിമര്‍ശിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്തു കയറിനിന്ന് വാദിക്കുന്നവരാണ് ഇത്തരം സൈബര്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണണം. ഇത്തരം സൈബര്‍ ആക്രമണം ഉണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണും. റോഡിലെ കുഴിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

റോഡിലെ കുഴികള്‍ കേരളത്തിലെ മാധ്യമങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്തു. ഹൈക്കോടതി ഒരു ഡസനോളം പ്രാവശ്യം അഭിപ്രായപ്രകടനം നടത്തി. പക്ഷെ പ്രതിപക്ഷം മിണ്ടരുത്. പ്രതിപക്ഷത്തിന് അത് പറയാന്‍ അവകാശമില്ല. റോഡിലെ കുഴിയെ കുറിച്ച് പറയണമെങ്കില്‍ ജയിലില്‍ കിടക്കണം, ഒളിവില്‍ പോണം, കൊതുകു കടി കൊള്ളണം എന്നൊക്കെയുള്ള വിചിത്രമായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. ദേശാഭിമാനി പത്രത്തിന്റെ മുന്‍പേജിലെ ഒരു സിനിമാ പരസ്യത്തിലുണ്ട്, തിയറ്ററിലേക്ക് വരുമ്പോള്‍ കുഴിയുണ്ടാകും എന്നാലും വരാതിരിക്കരുതെന്ന്.

അത് പൊതുധാരണയാണ്. ജനങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ഞങ്ങള്‍ക്ക് അതില്‍ എന്ത് രാഷ്ട്രീയമാണ് ഉള്ളത്, കുഴി അടക്കണം, അപകടങ്ങള്‍ ഉണ്ടാകരുത്. പക്ഷെ കുഴിയുണ്ടെന്ന് മന്ത്രിമാര്‍ സമ്മതിക്കുന്നില്ല. സര്‍ക്കാരിലെ മന്ത്രിമാരുടെ സമീപനമാണ്. അവര്‍ ഒന്നും സമ്മതിക്കില്ല. പ്രതിപക്ഷമെന്ന നിലയില്‍ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്’, വി ഡി സതീശന്‍ പറഞ്ഞു. ‘കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുകയാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്സിസ്റ്റ് വെട്ടുകിളികള്‍, ഇവന്മാര്‍ക്ക് പ്രാന്താണ്’ എന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം