യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച സംഭവം: പ്രതി ഷീബയെ റിമാന്‍ഡ് ചെയ്തു

ഇടുക്കി: ഇടുക്കി അടിമാലിയില്‍ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച സംഭവത്തില്‍ പ്രതി ഷീബയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

പ്രണയത്തില്‍ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശി അരുണ്‍കുമാറിന്റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിച്ചത്. കഴിഞ്ഞ 16നായിരുന്നു സംഭവം.35 വയസ്സുളള ഷീബയും 28 വയസ്സുള്ള അരുണ്‍കുമാറും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുണ്‍ കുമാര്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചു. എന്നാല്‍ ഷീബ ഇതിന് സമ്മതിച്ചില്ല. പിന്മാറണമെങ്കില്‍ 214000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

സംസാരത്തിനൊടുവില്‍ 14000 രൂപ നല്‍കാമെന്ന് അരുണ്‍ കുമാര്‍ സമ്മതിച്ചു. ഇത് സംസാരിക്കാനായി ഇരുവരും അടിമാലി സെന്റ് ആന്റണി ചര്‍ച്ചിന് സമീപം എത്തി. ഇവിടെ വച്ചാണ് ഷീബ ആസിഡ് ഒഴിച്ചത്. റബ്ബര്‍ പാലില്‍ ഉപയോഗിക്കുന്ന ഫോര്‍മിക് ആസിഡ് കൊണ്ടായിരുന്നു ആക്രമണം. യുവതിക്കും പരിക്കേറ്റിരുന്നു.