സുരേഷ് റെയ്‌നയുടെ ബന്ധുവിന് ഓക്‌സിജന്‍ സിലിണ്ടറുമായി സോനു സൂദ്

ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുവിന് ഓക്സിജന്‍ സിലിണ്ടറുമായി ബോളിവുഡ് താരം സോനു സൂദ്. സോഷ്യല്‍ മീഡിയയില്‍ ഓക്സിജന്‍ സിലിണ്ടറിനായി ക്രിക്കറ്റ് താരം സഹായം തേടിയതിനെ തുടര്‍ന്നാണ് ബോളിവുഡ് നടന്‍ സോനു സൂദ് സുരേഷ് റെയ്‌നയുടെ സഹായത്തിനെത്തിയത്.

മീററ്റില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ അമ്മായിക്ക് ഓക്സിജന്‍ സിലിണ്ടര്‍ വേണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് റെയ്ന അഭ്യര്‍ത്ഥിച്ചിരുന്നു. ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടുള്ള റെയ്‌നയുടെ പോസ്റ്റ് കണ്ട സൂദ് വിശദാംശങ്ങള്‍ ചോദിക്കുകയും ഓക്സിജന്‍ സിലിണ്ടര്‍ 10 മിനിറ്റിനുള്ളില്‍ എത്തുമെന്ന് ഒരു മണിക്കൂറിനുള്ളില്‍ സോനു റെയ്‌നയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.

കൊവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഒരു വര്‍ഷത്തിലേറെയായി സോനു സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ സഹായം തേടി ടാഗ് ചെയ്യുന്നവര്‍ക്ക് പലപ്പോഴും മറുപടി നല്‍കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സൂദ് ചാരിറ്റി ഫൗണ്ടേഷന്‍ ആളുകളെ സഹായിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.