അമ്മയ്ക്കും സഹോദരനുമൊപ്പം പിറന്നാൾ ആഘോഷിച്ച് ശ്രാവൺ മുകേഷ്

കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനും നടനും ഡോക്ടറുമായ ശ്രാവൺ മുകേഷ്. കല്യാണം’ എന്ന ചിത്രത്തിൽ നായകനായാണ് ശ്രാവൺ സിനിമയിൽ അരങ്ങേറിയത്. ഇപ്പോഴിതാ, തന്റെ ബർത്ത്ഡേ ആഘോഷത്തിന്റെ ചിത്രങ്ങൾ‌ ശ്രാവൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. അമ്മ സരിതയ്ക്കും സഹോദരനുമൊപ്പമായിരുന്നു ശ്രാവണിന്റെ പിറന്നാൾ ആഘോഷം. ഇരുവർക്കുമൊപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡോ.ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയം ആരംഭിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനോടകം സിനിമയിൽ ചെയ്യാനും ശ്രാവണിന് സാധിച്ചു. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രാവൺ നായകനായി അഭിനയിച്ച് തുടങ്ങിയത്. വർഷ ബൊല്ലമ്മയായിരുന്നു ചിത്രത്തിൽ നായിക. രാജേഷ് നായരായിരുന്നു സിനിമ സംവിധാനം ചെയ്തത്.

അച്ഛൻ മുകേഷും ചിത്രത്തിൽ സുപ്രധാന കഥാപാത്രമായി എത്തിയിരുന്നു. അഭിനേതാവ് എന്നതിന് പുറമെ ഇന്നൊരു ഡോക്ടർ കൂടിയാണ് ശ്രാവൺ. ദുബൈയിലാണ് കുടുംബസമേതം ശ്രാവണിന്റെ ജീവിതം. 1988ലാണ് സരിതയെ മുകേഷ് വിവാഹം ചെയ്യുന്നത്. നീണ്ട നാളത്തെ വിവാഹ ജീവിതത്തിനൊടുവിൽ ഇരുവരും 2011ൽ വിവാഹമോചനം നേടി.