പ്രതിഷേധത്തിരയിളക്കി ശ്രീലങ്ക

കൊളംബോയിലെ തെരുവുകളിൽ സർക്കാർ വിരുദ്ധപ്രക്ഷോഭം അലയടിക്കുന്നു. പ്രസിഡന്റിന്റെ ആസ്ഥാന മന്ദിരത്തിലേക്ക് ഇരമ്പിയെത്തിയവരിൽ ഏറെയും യുവജനങ്ങളായിരുന്നു കൂടുതൽ സംഘർഷത്തിന് വഴിയൊരുക്കിയത്. കറുത്ത വേഷം ധരിച്ച സ്ത്രീകളും കുട്ടികളും അവർക്കിടയിലുണ്ടായിരുന്നു. അകാരത്തിൽനിന്നിറങ്ങാൻ ഭരണകർത്താക്കളോട് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളേന്തിയ സംഘങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിലെ ഗല്ലേ ഫെയ്സിൽ ഒത്തു ചേർന്നു.

‘അവർ അഴിമതിക്കാരാണ്. നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചു, അവശ്യ വസ്തുക്കൾക്കുവേണ്ടിപ്പോലും ഞങ്ങളെ നീണ്ട ക്യൂവിലേക്കു പറഞ്ഞുവിട്ടു’– എൽപിജിക്കും പാൽപ്പൊടിക്കുമായി ക്യൂ നിൽക്കേണ്ടിവന്നതിന്റെ ദേഷ്യം തീർക്കാൻ ഒരുവയസ്സുള്ള മകളുമായി ഗാംഫയിൽ നിന്ന് പ്രതിഷേധത്തിനെത്തിയ വരുണി പറഞ്ഞു. ‘ആരും ക്ഷണിച്ചിട്ടു വന്നതല്ല. 2019 ലെ ഈസ്റ്റർ സ്‌ഫോടനത്തിനിടെ എന്റെ അമ്മ കൊല്ലപ്പെട്ടു. അധികാരത്തിലിരുന്നവർ അന്നു സ്‌ഫോടനങ്ങൾ സംഘടിപ്പിച്ചത് ഭീകരതയെക്കുറിച്ചു പറഞ്ഞ് അധികാരത്തിൽ തിരിച്ചെത്താൻ വേണ്ടി മാത്രമാണെന്ന് എനിക്ക് മനസ്സിലായി’– കടുവാപ്പിറ്റിയയിൽ നിന്ന് എത്തിയ 23 കാരിയായ അനോമ പൊട്ടിത്തെറിച്ചു.

ബാരിക്കേഡുകൾ വകവയ്ക്കാതെ പ്രതിഷേധക്കാർ ഇരമ്പി. ഒരിക്കൽ രാജപക്‌സെയെ പിന്തുണച്ചിരുന്ന ഏതാനും യുവ ബുദ്ധ സന്യാസിമാരും പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്ലക്കാർഡുകൾ പിടിച്ചു മുദ്രാവാക്യം മുഴക്കുന്നത് കൗതുകമായി.